മറയൂർ: താഴ്ന്ന സമുദായക്കാരുമായി അടുത്തിടപഴകിയതിന് പിതൃസഹോദരനെ യുവാവ് വെട്ടി പരിക്കേല്പിച്ചു. കാന്തല്ലൂർ കർശനാട് മുത്തുപാണ്ടി(65)യെയാണ് സഹോദരന്റെ മകൻ മുരുകൻ (31) വെട്ടിവീഴ്ത്തിയത്. വലതു കാലിന് ഗുരുതരമായി പരിക്കേറ്റ മുത്തുപാണ്ടി അരമണിക്കൂറോളം രക്തം വാർന്നു കിടന്നു. പൊലീസെത്തിയാണ് മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ മുത്തുപാണ്ടിയെ കോയമ്പത്തൂർ സുന്ദരപുരം ഫിംസ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒളിവിൽപോയ മുരുകനെ സി.ഐ വി.ആർ. ജഗദീഷ്, എസ്.ഐ ജി. അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്തു.
മറയൂരിന് സമീപം കോവിൽക്കടവ് ടൗണിൽ ഇന്നലെ രാവിലെ ഒൻപതേ മുക്കാലിനാണ് സംഭവം. രാവിലെ കോവിൽക്കടവ് ജംഗഷനിലുള്ള വ്യാപാരസ്ഥാപനത്തിന്റെ മുന്നിൽ ഇരിക്കുകയായിരുന്ന മുത്തുപാണ്ടിയെ നീളമുള്ള വാക്കത്തിയുമായെത്തി വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ പേടിച്ച് ഓടിപ്പോയി. വെട്ടിയശേഷം കുറച്ചുനേരം അവിടെനിന്ന മുരുകൻ ആട്ടോറിക്ഷയിൽ കയറി മുങ്ങി. രക്തം വാർന്ന് നിലവിളിച്ച മുത്തുപാണ്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആരും തയ്യാറായില്ല.
തേവർ സുദായക്കാരാണിവർ. ജാതീയമായ വേർതിരിവുകൾ കാണിക്കുന്നയാളാണ് മുരുകൻ. എന്നാൽ, പിതൃസഹോരൻ തങ്ങളെക്കാൾ താഴ്ന്ന സമുദായക്കാരുമായി അടുത്തിടപഴകുക പതിവായിരുന്നു. മൂന്ന് ദിവസം മുൻപ് ഇരുവരും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തമിഴ്നാട്ടിലെ ശങ്കരൻ കോവിലേക്ക് യാത്രചെയ്തിരുന്നു. യാത്രയ്ക്കിടെ പട്ടികജാതി സമുദായത്തിൽപ്പെട്ടവരുമായി മുത്തുപാണ്ടി അടുത്തിടപഴകുന്നതു സംബന്ധിച്ച് വഴക്കുണ്ടായി. ഇതിനിടെ മുരുകൻ മുത്തുപാണ്ടിയെ തല്ലി. മടങ്ങിയെത്തിയശേഷം മുത്തുപാണ്ടി ഇക്കാര്യം ബന്ധുക്കളോട് പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് വെട്ടിപ്പരിക്കേല്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.