തൊടുപുഴ: വായ്പ വാങ്ങിയതിന്റെ പേരിൽ ഈടായി നൽകിയ രേഖകൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഇടപാടുകാർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയോടെയാണ് പാലാ റൂട്ടിൽ പ്രവർത്തിക്കുന്ന അരീപ്ലാവൻ ഫിനാൻസിലാണ് ബ്ലേഡ് മാഫിയ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള അമ്പതോളം പേർ പ്രതിഷേധവുമായെത്തിയത്. സ്ഥാപനത്തിൽ നിന്ന് ചെക്ക് ഉൾപ്പെടെ ഈടായി നൽകിയാണ് പലരും പണം വായ്പ വാങ്ങിയിരുന്നത്. പലരുടെയും പേരിൽ സ്ഥാപനമുടമ കോടതിയിൽ ചെക്ക് കേസ് നൽകിയിരുന്നു. കോടതിയിൽ ഓരോ ചെക്കാണ് ഹാജരാക്കിയിരിക്കുന്നതെന്നും മറ്റു രേഖകൾ തിരികെ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇടപാടുകാർ രംഗത്തെത്തിയത്. കൂടുതൽ ആളുകൾ എത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തൊടുപുഴ എസ്.ഐ സാഗറിന്റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇടപാടുകാരുടെ ആവശ്യമായ രേഖകൾ ഇന്ന് രാവിലെ 10ന് പൊലീസ് സ്റ്റേഷനിൽ തരാമെന്ന് എസ്.ഐ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമരക്കാർ പിൻവാങ്ങിയത്.

ഇതുവരെ മൂന്നുറോളം പേർ ഈ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്ത് കേസിൽ കുടുങ്ങിയതായി ബ്ലേഡ് മാഫിയ വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. സ്ത്രീ പീഡന കേസിൽ ഉപാധികളോടെ ജാമ്യത്തിൽ കഴിയുന്ന ഫിനാൻസ് ഉടമയും സ്ഥാപനത്തിലുണ്ടായിരുന്നു. ബ്ലേഡ് മാഫിയ വിരുദ്ധ സമിതി നേതാക്കളായ ജയിംസ് കോലാനി, കെ.എം. സാബു, എൻ.കെ. വേണു ഗോപാൽ, അനിൽ പാൽകോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്ന സമരം.