തൊടുപുഴ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതി പിടിയിൽ. എറണാകുളം കുന്നത്തുനാട് സ്വദേശിനി ബിന്ദുവാണ് (35) അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് തൊടുപുഴയിലെ ധനകാര്യ സ്ഥാപനത്തിൽ ഇവർ മാല പണയം വയ്ക്കാനെത്തിയത്. മൂന്ന് പവന്റെ സ്വർണമാലയാണെന്നുപറഞ്ഞാണ് യുവതി പണയം വയ്ക്കാൻ ശ്രമിച്ചത്. മാല പരിശോധിച്ചപ്പോൾ സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് മുക്കുപണ്ടമാണെന്ന് കണ്ടെത്തി. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഇവർക്കെതിരെ ഇത്തരത്തിൽ വേറെയും കേസുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.