തൊടുപുഴ: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാടുകൾക്കെതിരെ കെ.എസ്‌.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാനറാ ബാങ്കിന്റെ മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ജോബി സി. ജോയ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസവായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാട് തിരുത്തുക, നിബന്ധനകളിൽ ഇളവ് വരുത്തി പരമാവധി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുക, വിദ്യാഭ്യാസ വായ്പയ്ക്ക് എല്ലാ ബാങ്കുകൾക്കും ഒരേ നിയമം നടപ്പിലാക്കുക, വായ്പയ്ക്കായി ബാങ്കിലെത്തുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അപമാനിക്കുന്ന ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുക, വിദ്യാഭ്യാസ വായ്പയെ പലിശരഹിത വായ്പയാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ച് ബാങ്കുകൾ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ തുടർപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് സജിൻ സന്തോഷ് നേതൃത്വം നൽകിയ ധർണാ സമരത്തിൽ സംസ്ഥാന സെക്രട്ടറി മുനീർ സി.എം, ജില്ലാ സെക്രട്ടറിമാരായ ജോസ്‌കുട്ടി ജോസഫ്, ജയ്‌സൺ മാത്യു, അക്ബർ, സാജൻ ചിമ്മിനികട്ട് എന്നിവർ സംസാരിച്ചു.