തൊടുപുഴ: 32-ാമത് സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 21നും 22നും ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കും. 14 ജില്ലകളിൽ നിന്നുമായി 24 ടീമുകൾ പങ്കെടുക്കുമെന്ന് നെറ്റ്‌ബോൾ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരം. 21ന് രാവിലെ എട്ടിന് കായികതാരങ്ങളുടെ മാർച്ച്പാസ്റ്റ് നടക്കും. തുടർന്ന് ഡീൻ കുര്യാക്കോസ് എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടക്കുന്ന ആദ്യ സംസ്ഥാന ചാമ്പ്യൻഷിപ്പാണിതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. തോംസൺ ജോസഫ്, എ.പി. മുഹമ്മദ് ബഷീർ, സന്ദീപ് സെൻ എന്നിവർ സംസാരിച്ചു.