sajufamily

രാജാക്കാട്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ ഒ.പി സാജുവിനെ മാതൃവിദ്യാലയമായ രാജാക്കാട് എൻ.ആർ.സിറ്റി എസ്എൻവി ഹയർസെക്കൻഡറി സ്‌കൂളിൽ അനുസ്മരിച്ചു. ജൂൺ 28ന് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിലാണ് സാജു കൊല്ലപ്പെട്ടത്. എൻ.ആർ സിറ്റി എസ്എൻവി സ്‌കൂളിൽ 1989-90 ബാച്ചിലാണ് സാജു പഠനം പൂർത്തിയാക്കിയത്. അനുസ്മരണ ചടങ്ങിൽ സാജുവിന്റെ കുടുംബം സ്‌കൂളിലെ കായിക വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം സ്‌കൂൾ അധികൃതർക്ക് കൈമാറി. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സാജു സംസ്ഥാന മീറ്റിൽ ഗോൾഡ് മെഡലും നാഷണൽ മീറ്റ് ജേതാവുമായിരുന്നു. കായികാദ്ധ്യാപകരായ വിജയൻമാഷും ലീലടീച്ചറുമായിരുന്നു സാജുവിന്റെ പരിശീലകർ. സ്‌പോർട്‌സ് ക്വാട്ടയിലാണ് സാജു സിആർപിഎഫിൽ പ്രവേശനം നേടിയത്. രാജക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം.എസ് സതി അനുസ്മരണ പ്രഭാഷണം നടത്തി. സിആർപിഎഫ് അഡീഷണൽ സബ് ഇൻസ്‌പെക്ടർ യൂസഫ്, സിആർപിഎഫ് മദ്രാസ് റെജിമെന്റ് ഓഫീസർ ജോസ് എന്നിവർ ചേർന്ന് സ്‌കൂളിന് സാജുവിന്റെ അനുസ്മരണ ഫോട്ടോ സമർപ്പിച്ചു. സാജുവിന്റെ കുടുംബത്തിന് സ്‌കൂൾ മാനേജ്‌മെന്റ് മൊമന്റോ നൽകി ആദരിച്ചു.

രാജാക്കാട് മുക്കുടി ഒറോലിക്കൽ പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ് സാജു. ഇരട്ടയാർ സ്വദേശി സുജയാണ് ഭാര്യ. ചങ്ങനാശേരി എൻ. എസ്. എസ് കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അജയ് സാജുവും വെള്ളയാംകുടി സെന്റ് ജോർജ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആര്യനന്ദയുമാണ് മക്കൾ.

രാജക്കാട് എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് എംബി ശ്രീകുമാർ അനുസ്മരണ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ രാധാകൃഷ്ണൻ തമ്പി, എക്‌സ് സർവീസ് ലീഗ് പ്രതിനിധി ക്യാപ്ടൻ സുരേഷ് കുമാർ, ത്രിതല പഞ്ചായത്തംഗങ്ങളായ ബിജി സന്തോഷ്, രാധാമണി പുഷ്പജൻ, പ്രിൻസിപ്പൽ ഇൻ ചാർജ് റെജി ഒ.എസ്, പിടിഎ പ്രസിഡന്റ് ഷാജി സി.ആർ, തുടങ്ങിയവർ സംസാരിച്ചു.