വണ്ണപ്പുറം: അപകടങ്ങൾ തുടർക്കഥയായ വണ്ണപ്പുറത്ത് ഫയർസ്റ്റേഷൻ ആരംഭിക്കണമെന്ന പ്രദേശവാസികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. വണ്ണപ്പുറത്ത് ഫയർസ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ അംഗീകാരമായി. സംസ്ഥാനത്ത് 31 ഫയർസ്റ്റേഷനുകൾ അനുവദിച്ചതിലാണ് ഇടുക്കി ജില്ലയിലെ വണ്ണപ്പുറവും ഉൾപ്പെട്ടത്. ഇനി സർക്കാർ ഉത്തരവ് കൂടി ഇറങ്ങിയാൽ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കാം. ഫയർ സ്റ്റേഷൻ ആരംഭിച്ചാൽ സമീപ പഞ്ചായത്തുകളായ കോടിക്കുളം, ഉടുമ്പന്നൂർ, കരിമണ്ണൂർ, കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളിലും എളുപ്പം സേവനം ലഭ്യമാകുമെന്നതാണ് പ്രത്യേകത. അഞ്ച് വർഷം മുമ്പ് വണ്ണപ്പുറത്തിനടുത്ത് കിണറ്റിൽ വീണ അന്യസംസ്ഥാന തൊഴിലാളിയടക്കം രണ്ട് പേർ സമയത്ത് രക്ഷാപ്രവർത്തനം നടത്താത്തതിനാൽ മരിച്ച സംഭവത്തിന് ശേഷമാണ് പ്രദേശത്ത് എത്രയും വേഗം ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നത്. ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകൾ ഒപ്പിട്ട നിവേദനം വണ്ണപ്പുറം പഞ്ചായത്തിനും സ്ഥലം എം.എൽ.എയ്ക്കും മന്ത്രിക്കും നൽകിയിരുന്നു. തുടർന്ന് ഫയർസ്റ്റേഷനായി പഞ്ചായത്ത് ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു. ഏകദേശം മൂന്ന് വർഷം മുമ്പ് പഞ്ചായത്തിന്റെ അപേക്ഷയോടൊപ്പം ജില്ലാ ഫയർഫോഴ്സ് വണ്ണപ്പുറത്ത് ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

ഇനി വേണ്ടത്

പഞ്ചായത്ത് നൽകിയ അപേക്ഷയിൽ താത്കാലികമായും സ്ഥരിമായും സ്റ്റേഷൻ പ്രവർത്തിക്കാവുന്ന രണ്ട് സ്ഥലങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ഉത്തരവ് വന്നാൽ ആറ് മാസത്തിനകം പഞ്ചായത്ത് കണ്ടെത്തി നൽകുന്ന താത്കാലിക സ്ഥലത്ത് ഫയർസ്റ്റേഷൻ പ്രവർത്തനം ആരംഭിക്കും. വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകണം. പിന്നീട് സൗകര്യം പോലെ സ്ഥിരമായൊരു സ്ഥലത്തേക്ക് സ്റ്റേഷൻ മാറ്റാം. നെടുങ്കണ്ടം, മൂലമറ്റം, അടിമാലി സ്റ്റേഷനുകൾ ഇങ്ങനെ താത്കാലികമായാണ് പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുളമുള്ള ഒരേക്കർ സ്ഥലം സ്ഥിരമായി ഫയർ സ്റ്റഷൻ തുടങ്ങുന്നതിന് നൽകാൻ നേരത്തെ ധാരണയായിരുന്നു.

സ്ഥിരം അപകടമേഖല

വാഹനങ്ങൾ കൂട്ടിയിച്ചും മരം വീണും കാട്ടുതീ പടർന്നും മറ്റും നിരവധി അത്യാഹിതങ്ങൾ ദിനംപ്രതി വണ്ണപ്പുറം മേഖലയിൽ നടക്കാറുണ്ട്. വണ്ണപ്പുറം-ചേലച്ചുവട് സംസ്ഥാന പാതയിൽ വലിയ വളവുകളും കൊക്കയുമുള്ള വണ്ണപ്പുറം മുതൽ വെൺമണി വരെയുള്ള റോഡ് അപകടമേഖലയാണ്. തൊമ്മൻകുത്ത് പോലുള്ള വലിയ വെള്ളചാട്ടങ്ങളിൽ അപകടങ്ങൾ ഉണ്ടാകുന്നതു പതിവാണ്. വേനൽകാലത്ത് കാട്ടുതീയും മഴക്കാലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്ന മേഖലയുമാണിത്. ഫയർ സ്റ്റേഷൻ ഇല്ലാത്തതിനാൽ ഈ മേഖലകളിൽ ഉണ്ടാവുന്ന അപകടങ്ങളുടെ കാഠിന്യം വർദ്ധിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടുന്നത്. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ ഫയർഫോഴ്സ് ഇരുപതിലേറെ കിലോമീറ്റർ ദൂരെ തൊടുപുഴയിൽ നിന്നോ എറണാകുളം ജില്ലയിലെ കല്ലൂർക്കാട്‌ നിന്നോ വേണം എത്താൻ. ഫയർഫോഴ്സ് എത്തുമ്പോഴേക്കും അപകടത്തിൽപ്പെട്ടവവരെ രക്ഷിക്കാനാകാതെ വരും.

പെട്ടെന്ന് എത്താനാകാത്തയിടം

17 വാർഡുള്ള ആയിരങ്ങൾ അധിവസിക്കുന്ന വലിയൊരു പഞ്ചായത്താണ് വണ്ണപ്പുറം. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, ചേലച്ചുവട് എന്നീ സ്ഥലങ്ങളുടെ സംഗമസ്ഥാനം. നിരവധി കുന്നുകളും മലകളും നിറഞ്ഞ വണ്ണപ്പുറത്തും പരിസരപ്രദേശങ്ങളിലും എന്തെങ്കിലും അത്യാഹിതമുണ്ടായാൽ പെട്ടെന്ന് എത്തിപ്പെടുക അസാധ്യമാണ്. നിരവധി സഞ്ചാരികളെത്തുന്ന തൊമ്മൻക്കുത്ത്, മീനുളിയാൻപാറ, നാക്കയംകുത്ത്, കാറ്റാടികടവ്, കോട്ടപ്പാറ തുടങ്ങിയ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇവിടെയുണ്ട്.

''വണ്ണപ്പുറത്ത് ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ട് മൂന്ന് വർഷത്തോളമായിരുന്നു. സർക്കാർ ഉത്തരവ് വന്നാൽ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിക്കും. അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകേണ്ടത് പഞ്ചായത്താണ്. "

- കെ.ആർ. ഷിനോയ്

(ഫയർഫോഴ്സ് ജില്ലാ ഓഫീസർ ഇൻ ചാർജ്)