തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബിെന്റ ആഭിമുഖ്യത്തിൽ നടക്കുന്ന ഇടുക്കി ഷോർട്ട് ഫിലിം ഫെസ്റ്റിന് ഇന്ന്തുടക്കമാകും. ശനിയാഴ്ചയാണ് സമാപനം. ഇടുക്കി പ്രസ് ക്ലബ്ബും തൊടുപുഴ അൽഅസ്ഹർ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസും സംയുക്തമായാണ് രണ്ടാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരുക്കുന്നത്. രാവിലെ 11നും ഉച്ചക്ക് രണ്ടിനും വൈകിട്ട് അഞ്ചിനും മൂന്നു ഷോയാണ് ദിവസേനയുള്ളത്. മികച്ച ഷോർട്ട് ഫിലിമിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. കൂടാതെ സ്‌പെഷൽ ജൂറി പുരസ്‌കാരവും നൽകും. മികച്ച നടൻ /നടി, മികച്ച സംവിധായകൻ, മികച്ച ക്യാമറാമാൻ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കുന്നവർക്കും പുരസ്‌കാരങ്ങളുണ്ടാകും. മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിെന്റ ഓർമക്കായായി സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റിൽ തെരഞ്ഞെടുത്ത 27 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ചലച്ചിത്ര ടെലിവിഷൻ മേഖലയിലെ പ്രമുഖർ അടങ്ങുന്ന പാനലാകും വിജയികളെ നിശ്ചയിക്കുക. മേളയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11 ന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. നടൻ അപ്പാനി രവി മുഖ്യാതിഥിയായിരിക്കും. പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്രഫ് വട്ടപ്പാറ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എൻ.സരേഷ് സ്വാഗതം പറയും.