തൊടുപുഴ: ഡോ. എ.പി.ജെ. അബ്ദുൾ കലാം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ പാഠം ഒന്ന് ഒരു മദ്യപാനിയുടെ ജീവിത കഥ എന്ന നാടകം അവതരിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ യു.എൻ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ സിഐ സജീവ് ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രകുമാർ, പ്രദീപ് കുമാർ, ജിംജുമോൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
കീരികോട് കുരിശു പള്ളിയിൽ തിരുനാൾ
കീരികോട്: കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയുടെ കിഴിലുള്ള കീരികോട് കുരിശു പള്ളിയിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ 22ന് ആഘോഷിക്കും. തിരുനാളിന് ഒരുക്കമായി 21 വരെ ദിവസവും വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. തിരുകർമങ്ങൾക്ക് ഫാ. പോൾ കാരക്കൊമ്പിൽ, ഫാ. ജോസ് പുൽപറമ്പിൽ, ഫാ. ജിൻസ് പെരുകിലംതറപ്പേൽ, ഫാ. പോൾ ഇടത്തൊട്ടിയിൽ, ഫാ. വർക്കി മണ്ഡപത്തിൽ, ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ എന്നിവർ കാർമികത്വം വഹിക്കും. 22ന് വൈകുന്നേരം നാലിന് കൊടിയേറ്റ് വികാരി ഫാ. മാത്യു തേക്കുംകാട്ടിൽ, തുടർന്ന് ലദീഞ്ഞ്. 4.30ന് തിരുനാൾ കുർബാന ഫാ. സിറിയക് കോടമുള്ളിൽ, 5.45 ന് പ്രദക്ഷിണം, സമാപന പ്രാർഥന, നേർച്ച വിതരണം എന്നിവ നടക്കും.
ഗതാഗതം നിരോധിച്ചു
തൊടുപുഴ : ചുള്ളിക്കണ്ടം- വെള്ളക്കയം റോഡിൽ കലുങ്ക് നിർമ്മാണം നടന്ന സ്ഥലത്ത് ടൈൽ വിരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 29 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: കേരളാ കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്ന് 2019- 20 വർഷത്തെ സ്കോളർഷിപ്പിനും 2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള ക്യാഷ് അവാഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30 വരെ സമർപ്പിക്കാം.
ഗ്രന്ഥശാലാ ദിനം സംഘടിപ്പിച്ചു
മുതലക്കോടം : മുതലക്കോടം ജയ്‌ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ ദിനം സംഘടിപ്പിച്ചു. കെ.സി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എം ബാബു അക്ഷരദീപം തെളിച്ചു. പുസ്തക ചർച്ചയും നടത്തി. ലൈബ്രറി സെക്രട്ടറി ഷാജു പോൾ സ്വാഗതവും പി.വി സജീവ് നന്ദിയും പറഞ്ഞു.
സാംസ്കാരിക വേദി ഉദ്ഘാടനം ചെയ്തു
കുമ്പംകല്ല് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കാരിക്കോട് യൂണിറ്റ് സാംസ്കാരിക വേദിയുടെ ഉദ്ഘാടനം വി.എസ് ബാലകൃഷ്ണപിള്ള നിർവഹിച്ചു. സാംസ്കാരിക വേദി കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ടി.എം അബ്ദുൾ കരിം അദ്ധ്യക്ഷത വഹിച്ചു.
വിശ്വകർമ്മ ജയന്തി ആചരിച്ചു
തൊടുപുഴ : കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ആചരിച്ചു. ജില്ലാ പ്രസിഡന്റ് പി. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എ രാജൻ, വൈസ് പ്രസിഡന്റ് വി.എ നാരായണപിള്ള, എം.എൻ രാജൻപിള്ള, പി.എൻ ഉണ്ണികൃഷ്ണൻ, പി.ആർ കൃഷ്ണൻ, കെ.എസ് പ്രസന്നകുമാർ, വനിതാ വിഭാഗം പ്രസിഡന്റ് ബി. സരളാദേവി, കെ. ജയശ്രീ, എം.ആർ സുധാമണി എന്നിവർ സംസാരിച്ചു.
ഗ്രന്ഥശാലാ ദിനാചരണം
തൊടുപുഴ : കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. വായനശാലാ ഹാളിൽ പൂക്കളം ഇട്ട് 75 മൺ ചിരാതുകൾ തെളിയിച്ചു. ഗ്രന്ഥശാല സംഘത്തിന്റെ പ്രവർത്തനങ്ങൾ എം.എൻ. രാമചന്ദ്രൻ വിശദീകരിച്ചു. ലൈബ്രറി പ്രസിഡന്റ് എസ്.ജി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ് കുമാർ, ഗോപാലകൃഷ്ണൻ വി.എ, പി. കൃഷ്ണൻകുട്ടി, സരളാമ്മ എം.കെ എന്നിവർ സംസാരിച്ചു.
ഓണാഘോഷം നടത്തി
തൊടുപുഴ : അച്ചൻകവല പുഴയോരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. പൂക്കള മത്സരം, മിഠായി പെറുക്കൽ, കസേര കളി, ചാക്കിലോട്ടം, വടംവലി, നൃത്തം, തിരുവാതിരകളി, തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. ഉച്ചയ്ക്ക് ഓണസദ്യയും നടത്തി. വൈകിട്ട് നടന്ന പൊതുസമ്മേളനം മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.ജെ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.