kolumban

ചെറുതോണി: ഇടുക്കി ഡാമിന്റെ വഴികാട്ടിയായ കൊലുമ്പനോട് അധികൃതരുടെ അവഗണന തുടരുന്നു. ജില്ലാ കളക്ടർ ചെയർമാനായ കമ്മിറ്റിയാണ് കൊലുമ്പൻ സമാധിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കേണ്ടത്. പദ്ധതി പൂർത്തിയാക്കാൻ നിലവിൽ അനുവദിച്ചിട്ടുള്ള തുകയിൽ നിന്ന് എട്ട് ലക്ഷം രൂപ കൂടി സർക്കാരിൽ നിന്ന് ലഭ്യമാക്കണം. എന്നാൽ പണം അനുവദിക്കാത്തതിനാൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങി. 2012 ൽ കെ.എം മാണി ധനമന്ത്രി ആയിരിക്കുമ്പോഴാണ് കൊലുമ്പൻ സമാധി നിർമ്മിക്കുന്നതിന് ബഡ്ജറ്റിൽ തുക അനുവദിച്ചത്. പിന്നീട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും എട്ടു വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. ആദിവാസി സമൂഹത്തോട് ജില്ലാ കളക്ടറും സ്ഥലം എം.എൽ.എയും കാട്ടുന്ന അവഗണനയാണ് കൊലുമ്പൻ സമാധിയുടെ നിർമ്മാണം പൂർത്തീകരിക്കാതെ കിടക്കുന്നതിന് കാരണമെന്ന് കൊലുമ്പന്റെ കൊച്ചുമകൻ തേനൻ ഭാസ്‌കരൻ കാണിയും ദളിത് ഐക്യവേദിയുടെ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് രമേശ് പൊന്നാട്ടും ആരോപിച്ചു.