നെടുങ്കണ്ടം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും കാൽ ലക്ഷം രൂപയുടെ ഏല തട്ടകൾ മോഷണം പോയ കേസിൽ അമ്മയും മകനും പിടിയിൽ.മോഷണക്കേസിലെ മൂന്നും നാലും പ്രതികളായ ഇടത്തറമുക്ക് പാണന്റഐയ്യത്ത്വീട്ടിൽ സതീദേവി (55), മകൻ ശ്രീരാഗ് എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നും രണ്ടും പ്രതികൾ സതീദേവിയുടെ മൂത്ത മകളും മരുമകനുമാണ്. ഇവർ ഒളിവിലാണെന്ന് കമ്പംമെട്ട് പൊലീസ് പറഞ്ഞു. ഇടത്തറമുക്ക് സ്വദേശിയായ ബിനുവിന്റെ പുരയിടത്തിലെ 300 ഏല തട്ടകളാണ് നാൽവർ സംഘം പട്ടാപ്പാകൽ കടത്തിയത്. മോഷ്ടിച്ച ഏല തട്ടകൾ പകുതി വിലക്ക് തൂക്കുപാലത്തെ ഒരു ഡോക്ടറും സ്വകാര്യ ആശുപത്രി ഉടമയുമായ ആൾക്കുമാണ് വിറ്റത്. ഓണം ആഘോഷിക്കാൻ ഇടത്തറ മുക്കിലെ കുടുംബ വീട്ടിലെത്തിയ സതീദേവിയുടെ മകളും മരുമകനും ചേർന്നാണ് മോഷണം ആസൂത്രണം
ചെയ്തതെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെ റിമാൻഡ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.