തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഭിത്തി തുരന്ന് നടത്തിയ കവർച്ചയിൽ അമ്പതിനായിരത്തിലേറെ രൂപയുടെ നഷ്ടം. മോഷണ ശേഷം സ്റ്റോക്കിന്റെ കണക്കെടുത്തപ്പോൾ 25,000 രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഭക്ഷണ സാധനങ്ങളും വിലപിടിപ്പുള്ള സോപ്പുകൾ, സ്‌പ്രേ, പേസ്റ്റ്, കുരുമുളക്, കശുവണ്ടി തുടങ്ങിയവയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇക്കാര്യം പൊലീസിനെ രേഖാമൂലം അറിയിച്ചു. സി.സി.ടി.വിയുടെ ദൃശ്യങ്ങൾ ശേഖരിക്കുന്ന 25000 രൂപ വിലയുള്ള ഡി.വി.ആറും മോഷണം പോയിരുന്നു. ഓഫീസിൽ നിന്ന് 4250 രൂപയും മോഷ്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. തിരുവോണ ദിവസം രാത്രിയായിരുന്നു പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നത്. പണം സൂക്ഷിച്ചിരുന്ന ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിക്കുള്ളിലെ നിരീക്ഷണ കാമറകൾ തകർത്ത ശേഷണമാണ് മോഷണം നടന്നത്. ഓണത്തോടനുബന്ധിച്ച് തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ നടന്ന വിൽപനയിലെ കളക്ഷൻ തുക തിരക്കായതിനാൽ ബാങ്കിൽ അടയ്ക്കാൻ കഴിയാതെ ഓഫീസിലെ ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ഈ തുക ബാങ്കിൽ അടയ്ക്കുന്നതിനായി വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ സപ്ലൈകോ ഓഫീസ് ഇൻ ചാർജുള്ള സ്മിത രാജൻ ഓഫീസിലെത്തിയപ്പോഴാണ് ഭിത്തി തുരന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സപ്ലൈകോ ഓഫീസിന്റെ പിറകുവശത്തെ ഭിത്തി ഒരാൾക്ക് കടന്നുപോകാവുന്ന തരത്തിൽ വട്ടത്തിൽ തുരന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ആറ് നിരീക്ഷണ കാമറകളിൽ രണ്ടെണ്ണം മോഷ്ടാവ് തല്ലി തകർത്തിട്ടുണ്ട്. സാധനങ്ങൾ വച്ചിരുന്ന അലമാരകൾ മുഴുവൻ തുറന്നിട്ട നിലയിലാണ്.
മോഷ്ടാക്കൾ ഒന്നിലധികം
മോഷണം നടത്തിയത് ഒന്നിലധികം പേർ ചേർന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണം നടന്ന സ്ഥാപനത്തിന്റെ സമീപത്തെ കടകളിലെയും വീടുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സമാനമായ രീതിയിൽ പരിസര പ്രദേശങ്ങളിൽ മോഷണം നടന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മോഷണം പതിവ്, കള്ളന്മാർ കാണാമറയത്ത്
ഓരോ ഇടവേളകൾക്കുശേഷവും തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും മോഷണങ്ങൾ പതിവാകുന്നു. കാഞ്ഞാറിൽ എ.ടി.എം തകർക്കാൻ നടത്തിയ ശ്രമിച്ച കേസിലെ പ്രതികളെ ദിവസങ്ങൾക്കകം പിടികൂടാനായത് മാത്രമാണ് ഏക ആശ്വാസം. മാസങ്ങൾക്ക് മുമ്പ് നഗരത്തിനടുത്ത വീടുകളിൽ നടന്ന മോഷണത്തിലും കള്ളന്മാരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നഗരത്തിലുള്ള സി.സി.ടി.വികൾ പലയിടത്തും പ്രവർത്തന രഹിതമാണ്. മോഷണം തുടർക്കഥയായതോടെ നഗരത്തിൽ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.