തൊടുപുഴ: കേരള ഫെൻസിംഗ് അസോസിയേഷന്റെയും ജില്ലാ ഫെൻസിംഗ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സബ്ജൂനിയർ കേഡറ്റ് കേരള സ്റ്റേറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് 21 മുതൽ 23 വരെ തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വിവിധ ജില്ലകളിൽ നിന്നായി മുന്നൂറിലേറെപേർ പങ്കെടുക്കും. 21ന് രാവിലെ ഒമ്പതിന് സംസ്ഥാന ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് ജോഷി പള്ളൻ പതാക ഉയർത്തും. 10ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പ്രൊഫ: ജോസഫ് അഗസ്റ്റിൻ എന്നിവർ മുഖ്യ അതിഥികളായിരിക്കും. കേരള ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ എം. മോനിച്ചൻ ആമുഖ പ്രഭാഷണവും നടത്തും. ന്യൂമാൻ കോളേജ് വൈസ്-പ്രിൻസിപ്പൽ റവ: ഡോ. മാനുവൽ പിച്ചളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. സമാപന സമ്മേളനം 23ന് ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്യും.