കട്ടപ്പന: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ കത്തി നശിച്ചെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രകാശ് മാടപ്ര മൂലയിൽ ജോബിൻസാണ് അദ്ഭുതകരമായി രക്ഷപെട്ടത്. ഇന്നലെ വൈകിട്ട് 3.30ന് പ്രകാശിൽ നിന്ന് കട്ടപ്പന ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറാണ് കൊച്ചു കാമാക്ഷി പള്ളിപ്പടിക്ക് സമീപത്ത് പൂർണമായും കത്തിനശിച്ചത്. ജോബിൻസ് മാത്രമാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് അമിതമായി പുക ഉയരുന്നത് കണ്ട ജോബിൻസ് വാഹനം നിറുത്തി. ഇതോടെ വാഹനത്തിലേക്ക് തീ ആളിപടരുകയായിരുന്നു. സമീപത്തെ വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവന്ന് തീ അണച്ചപ്പോഴേക്കും വാഹനം പൂർണമായും അഗ്നിക്കിരയായിരുന്നു.