fest
ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കുന്നു

തൊടുപുഴ: ഇടുക്കി പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് ഇടുക്കി ഷോർട്ട് ഫിലിം ഫെസ്റ്റിന് തുടക്കമായി. ഇടുക്കി പ്രസ്‌ക്ലബും തൊടുപുഴ അൽ- അസ്ഹർ ഗ്രൂപ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായാണ് ഫെസ്റ്റിവൽ ഒരുക്കിയിട്ടുള്ളത്. മേളയുടെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. നടൻ അപ്പാനി ശരത് മുഖ്യാതിഥിയായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്രഫ് വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു. അൽ- അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എം.ഡി കെ.എം. മിജാസ്,​ തൊടുപുഴ ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം എൻ. രവീന്ദ്രൻ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എം.എൻ. സുരേഷ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം വിനോദ് കണ്ണോളി നന്ദിയും പറഞ്ഞു. മാദ്ധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ ഓർമയ്ക്കായി നടത്തുന്ന ഫെസ്റ്റിവലിൽ തിരഞ്ഞെടുത്ത 27 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. മികച്ച ഷോർട്ട് ഫിലിമിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. കൂടാതെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും നൽകും. മികച്ച നടൻ /നടി, മികച്ച സംവിധായകൻ, മികച്ച കാമറാമാൻ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കുന്നവർക്കും പുരസ്‌കാരങ്ങളുണ്ടാകും. രാവിലെ 11, ഉച്ചയ്ക്ക് രണ്ട്, വൈകിട്ട് അഞ്ച് എന്നിങ്ങനെ ദിവസേന മൂന്ന് ഷോയുണ്ടാകും. സംവിധായകൻ ജയരാജ്, മനോരമ ന്യൂസ് മുൻ ചീഫ്കാമറമാൻ പി.ജെ. ചെറിയാൻ, ഫിലിം എഡിറ്റർ ശ്രീകുമാർ നായർ, തിരക്കഥകൃത്ത് സനിൽ അബ്രഹാം എന്നിവരുടെ പാനലാണ് വിജയികളെ നിശ്ചയിക്കുക. ശനിയാഴ്ച വൈകിട്ടാണ് സമാപനം.