തൊടുപുഴ: കൈയേറ്റവും ചൂഷണവും മൂലം നാശത്തിന്റെ വക്കിലായ നമ്മുടെ പുഴകളെ രക്ഷിക്കാൻ ഇതാ ഒരു പദ്ധതി. പഞ്ചായത്തുകളിൽ മുള, രാമച്ചം, പടർന്നു വളരുന്ന തീറ്റപ്പുല്ല് എന്നിവ വ്യാപകമായി നട്ടുപിടിപ്പിക്കാനാണ് പദ്ധതി. മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയുന്നതിനും പുഴയോരങ്ങൾ സംരക്ഷിക്കുന്നതിനുമായി ഹരിതകേരളവുമായി ചേർന്നാണ് ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാകും പദ്ധതി പ്രാവർത്തികമാക്കുക. ഓരോ പഞ്ചായത്തിനും അവരുടെ പ്രദേശങ്ങൾക്കനുയോജ്യമായ ഇനങ്ങൾ തിരഞ്ഞെടുത്ത് നട്ടുപിടിപ്പിക്കാം. അതിനാവശ്യമായ സാങ്കേതികോപദേശങ്ങൾ പഞ്ചായത്തുകൾക്ക് ലഭ്യമാക്കും. ഇതു സംബന്ധിച്ച് തദ്ദേശഭരണ സ്ഥാപന മേധാവികൾക്ക് അറിവു നൽകുന്നതിനായി ഒക്ടോബർ അഞ്ചിന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഈ രംഗത്തെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ഏകദിന ശില്പശാല നടത്തും. പഞ്ചായത്ത് പ്രസിഡന്റുമാരും ഹരിതകേരളം പഞ്ചായത്തു തല കോ-ഓർഡിനേറ്റർമാരായ അസി. സെക്രട്ടറിമാരുമാണ് ശിൽപ്പശാലയിൽ പങ്കെടുക്കുക. കാർഷിക സർവകലാശാലയിലെ അഗ്രോണമി വിഭാഗം മുൻ മേധാവികളായ ഡോ. സി. ജോർജ് തോമസ്, ഡോ. ടി.എൻ. ജഗദീഷ് കുമാർ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുക്കുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോർഡനേറ്റർ ഡോ. ജി എസ് മധു അറിയിച്ചു.