അടിമാലി: വെള്ളത്തൂവൽ മാങ്കടവിന് സമീപം നായിക്കുന്നിൽ കൃഷിഭൂമി ഇടിഞ്ഞുതാഴ്ന്നു. കാർമൽ മാതാ ഹൈസ്‌കുളിന് മുൻവശത്തുള്ള കാക്കനാട് എസ്റ്റേറ്റിലാണ് അഞ്ച് അടിയോളം വ്യാസത്തിൽ 30 അടി താഴ്ചയിൽ ഭൂമി താഴ്ന്ന നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് വൃത്താകൃതിയിൽ ഭൂമി താഴ്ന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ കാലവർഷം പ്രദേശത്ത് മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടായിരുന്നു. അന്ന് വിദഗ്ദ്ധ സംഘം പരിശോധിച്ച് മണ്ണിടിയിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥയായ സോയിൽ പൈപ്പിംഗ് പ്രതിഭാസമാണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഭൂമിയിൽ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് വെള്ളത്തൂവൽ വില്ലേജ് ഓഫീസർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകും.