തൊടുപുഴ: രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം ഗൃഹനാഥനെ മർദിച്ചവശനാക്കി വീടു തല്ലിതകർത്തതായി പരാതി. കുമാരമംഗലം വലിയപാറ തൈമറ്റത്തിൽ ഷൈനി സുധീറാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11ന് വീട്ടിലെത്തിയ അക്രമി സംഘം അതിക്രമിച്ചു കയറി സുധീറിനെ ആക്രമിക്കുകയായിരുന്നു. ഭർത്താവിനെ ആക്രമിക്കുന്നതു കണ്ട് തടയാനെത്തിയ ഷൈനിയെയും മകൻ മാഹിൻഷായെയും ഇവർ മർദിച്ചു. പൊലീസിൽ വിവരമറിയിച്ചതോടെ അക്രമി സംഘം ഇവിടെ നിന്ന് മടങ്ങി. തുടർന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി സുധീറിനെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലാക്കുകയായിരുന്നു. പൊലീസ് പോയതോടെ സംഘം വീണ്ടുമെത്തി വീട്ടുപകരണങ്ങളുൾപ്പെടെ തല്ലിതകർത്തു. വീട്ടിൽ നിന്ന് 4000 രൂപയും സ്വർണമാലയും കവർന്നതായും ഷൈനി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇവരുടെ അയൽവാസികളായ മൂന്നു പേരുൾപ്പെടെ എട്ടുപേർക്കെതിരെ കേസെടുത്തതായി എസ്‌.ഐ എം.പി. സാഗർ പറഞ്ഞു.