മറയൂർ: ഭൗമസൂചിക പദവി ലഭിച്ച മറയൂർ ശർക്കരയുടെ ഗുണനിലവാരവും വിപണന സാധ്യതകളും വർദ്ദിപ്പിച്ച് കർഷകർക്ക് അടിസ്ഥാന വില ഉയർത്തുന്നതിന് വേണ്ടി മറയൂരിൽ ഏകദിന സെമിനാർ നടന്നു. കേരള കാർഷിക സർവ്വകലാശാലയും കാർഷിക ക്ഷേമവകുപ്പും ചേർന്ന് മറയൂരിൽ സംഘടിപ്പിച്ച പരിപാടി ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെന്നൈ ജി ഐ രജിസ്ട്രറി ഡപ്യൂട്ടി രജിസ്ട്രാർ ചിന്നരാജ് ജി നായഡു, കേരള കാർഷിക സർവ്വകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ കോഡി നേറ്റർ ഡോ. സി ആർ .എൽസി എന്നിവർ പദ്ധതി വിശദീകരണം നടത്തി. അഞ്ചുനാട് കരിമ്പ് ഉത്പാദക സമിതി, മഹാട്സ്, മാപ്പ്‌കോ എന്നീ സംഘങ്ങൾക്ക് യൂസർ രജിസ്‌ട്രേഷൻ പ്രഖ്യാപിച്ചു. മറയൂരിൽ പ്രവർത്തിക്കുന്ന കർഷക സംഘങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്ത് കൺസോഷ്യം രൂപീകരിച്ച് ഏകീകൃത വില നിശ്ചയിക്കുന്നതിനുള്ള നടപടികൾ വൈകാതെ സ്വീകരിക്കും. മറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ എൻ ആരോഗ്യദാസ്, കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി രാജേന്ദ്രൻ, ദേവികുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉഷാഹെൻട്രി ജോസഫ്, മറയൂർ സി. ഐ വി ആർ ജഗദീഷ്, എസ്. ഐ ജി അജയകുമാർ, അഞ്ചുനാട് കരിമ്പ് ഉത്പാദക സമിതി പ്രസിഡന്റ് കെ പി രാജൻ, സെക്രട്ടറി പി വിജയൻ, മറയൂർ ഹിൽസ് അഗ്രിക്കൾച്ചർ ഡവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി എസ് ഇന്ദ്രജിത്ത്, മറയൂർ ഫാമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ മുഹമ്മദ് ഇസ്മയിൽ, മറയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ആന്റണി എന്നിവർ പങ്കെടുത്തു.