തൊടുപുഴ: നഗരത്തിൽ സദാചാര ഗുണ്ടായിസത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. സദാചാര ഗുണ്ടാ സംഘത്തിൽപ്പെട്ട മലങ്കര പ്ലാന്റേഷൻ ചേലത്തിൽ ലിബിൻ ബേബിയെയാണ് (27) ഇന്നലെ എസ്‌.ഐ എം.പി. സാഗറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ആക്രമണത്തിൽ തോളിൽ ആഴത്തിൽ കത്തി തുളച്ചു കയറിയതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനു പുറമെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ലിബിനെ കുത്തിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ സുഹൃത്ത് അച്ചൻകവല ചിറയത്ത് വിനു പ്രകാശൻ (20), സദാചാര ഗുണ്ടാ സംഘത്തിൽപ്പെട്ട മണക്കാട് പുതുപ്പരിയാരം വള്ളോംകല്ലേൽ അനന്തു (20), പെരുമ്പിള്ളിച്ചിറ കരിമ്പിലക്കോട്ടിൽ ശ്യാംലാൽ (31) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 14ന് വൈകിട്ട് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പതിനേഴുകാരിയായ പെൺകുട്ടിക്കൊപ്പം വിനു റോഡിലൂടെ സംസാരിച്ചു വരുന്നത് കണ്ട ലിബിനും ശ്യാംലാലും അനന്തുവും മദ്യപിച്ചെത്തി സദാചാര പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്.