നെടുങ്കണ്ടം: നെടുങ്കണ്ടം പോസ്റ്റ് ഓഫീസ് പടിക്കൽ ബൈക്കും കാറും
കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. പടിഞ്ഞാറേക്കവലയിൽ നിന്ന് വന്ന ബൈക്ക് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെത്തിയപ്പോൾ അലക്ഷ്യമായി തിരിച്ച ആട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ എതിരെ വന്ന കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മാവടി സ്വദേശികളായ ആൽബിൻ, സബിൻ എന്നിവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ കാറിന് മുകളിലൂടെ തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതിനിടെ അപകടത്തിന് കാരണമായ ആട്ടോറിക്ഷാ നിറുത്താതെ പോയി. നെടുങ്കണ്ടം ടൗണിൽ ഒരുമാസത്തിനിടെ പത്തോളം അപകടങ്ങളാണ് ടൗണിൽ മാത്രമായി നടന്നത്.