കട്ടപ്പന: നഗരസഭ ആരോഗ്യ വിഭാഗം കട്ടപ്പന മാർക്കറ്റിനുള്ളിലെ പെട്ടി കടകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളുടെ വൻ ശേഖരം പിടിച്ചെടുത്തു. 50 മൈക്രോണിൽ താഴെയുള്ള 340 കിലോഗ്രം വരുന്ന പ്ലാസ്റ്റിക്ക് കാരിബാഗുകളാണ് പിടിച്ചെടുത്തത്. നഗരസഭ പ്രദേശത്ത് 50 മൈക്രോണിൽ താഴെ ഘനമുള്ള പ്ലാസ്റ്റിക്ക് കാരി ബാഗുകൾ നിരോധിച്ചിട്ടുണ്ട്. കട്ടപ്പന മാർക്കറ്റിലെ എം.എസ് സ്റ്റോഴ്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് മൊത്തവിതരണത്തിനായി സൂക്ഷിച്ചിരുന്ന കാരിബാഗുകൾ പിടിച്ചെടുത്തത്. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി.മേരി, വിനേഷ് ജേക്കബ്ബ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.