തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നടത്തുന്ന 32-ാമത് സംസ്ഥാന ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് രാവിലെ എട്ടിന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജസി ആന്റണി അദ്ധ്യക്ഷത വഹിക്കും. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് മത്സരം ആരംഭിക്കുന്നത്. സംസ്ഥാന നെറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. സൈനുദ്ദീൻ, കോമ്പറ്റീഷൻസ് ഡയറക്ടർ എസ്. നജിമുദ്ദീൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വാർഡ് കൗൺസിലർ പി.എ. ഷാഹുൽഹമീദ്, സംസ്ഥാന സ്‌പോർട്സ് കൗൺസിലംഗം കെ.എൽ. ജോസഫ്, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 11.30ന് നടത്തുന്ന സമാപന സമ്മേളനത്തിൽ പി.ജെ. ജോസഫ് എം.എൽ.എ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.