തൊടുപുഴ: അരീപ്ലാവൻ ഫൈനാൻസ് ഉടമയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആക്ഷേപം. ഈട് നൽകിയ ചെക്കുകളും രേഖകളും തിരികെ നൽകണമെന്നാവശ്യപ്പെട്ട് വായ്പ വാങ്ങിയവർ നടത്തിയ സമരത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാൽ ചെക്കുകൾ തിരികെ നൽകുമെന്ന് എസ്.ഐ ഉറപ്പുനൽകിയിരുന്നു. പിറ്റേന്ന് രാവിലെ 10ന് പൊലീസ് സ്റ്റേഷനിലെത്തി നാല്പതിലേറെ പേർ പരാതി നൽകി. ഇത്രയും പരാതിക്കാർ ഒന്നടങ്കം ഉച്ചയ്ക്ക് 1.30 വരെ കാത്തുനിന്നിട്ടും ഫൈനാൻസുടമയെ വിളിച്ചു വരുത്താൻ തയ്യാറാകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബ്ലേഡ് മാഫിയാ വിരുദ്ധ സമിതി പ്രവർത്തകർ തൊടുപുഴ ടൗണിൽ പ്രകടനം നടത്തി. ഫൈനാൻസുടമയ്ക്കു വേണ്ടി വിടുപണി ചെയ്യുന്ന തൊടുപുഴ എസ്.ഐയ്ക്കെതിരെ അന്വേഷണം നടത്തണമെന്ന് ബ്ലേഡ് മാഫിയാ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. ജയിംസ് കോലാനി, എൻ.കെ. വേണുഗോപാൽ, അനീഷ് പാൽക്കോ, എൻ.വിനോദ്കുമാർ, അഡ്വ. പാർത്ഥസാരഥി, പി.ഡി. ജോസ്, ഇ.എൻ. ചന്ദ്രബോസ്, കെ.എം. സാബു എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.