ചെറുതോണി: തോപ്രാംകുടി- പ്രകാശ്- വെട്ടിക്കാമറ്റം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി മൂന്ന് കോടി രൂപ അനുവദിച്ച് ഭരണാനുമതിയായതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. വാത്തിക്കുടി- കാമാക്ഷി- ഇരട്ടയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കടന്നുപോകുന്ന ഈ റോഡ് ഏറെ ഗതാഗത തിരക്കുള്ളതും കുമരകം- കമ്പം ദേശീയപാതയുടെ ഭാഗവുമാണ്. ഏകദേശം 14 കിലോമീറ്റർ ദൈർഘ്യമാണ് റോഡിനുള്ളത്. ഇടുക്കി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്തു വകുപ്പിന്റെ പ്രധാന റോഡുകളിൽ ഒന്നുകൂടിയാണിത്. കഴിഞ്ഞ കാലവർഷക്കെടുതിയിൽ റോഡ് തകർന്നതോടെ ഗതാഗതം ദുഷ്‌കരമായിരുന്നു. ഈ സാഹചര്യത്തിലാണ് റോഡിന്റെ അടിയന്തര നവീകരണത്തിന് എം.എൽ.എയുടെ അഭ്യർത്ഥന പരിഗണിച്ച് തുക അനുവദിച്ചത്.