തൊടുപുഴ: ആദിവാസി മേഖലയിലെ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികളുടെ ശാസ്ത്ര- ഗണിതശാസ്ത്ര പഠനശേഷി വികസിപ്പിക്കുന്നതിന് പഠനോദ്യാനം വിദ്യാഭ്യാസ പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി ഇടുക്കി ജില്ലയിലാണ് പദ്ധതി നടപ്പാക്കുന്നത്. അടിമാലി, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ മൂന്ന് ആദിവാസി മേഖലകളിലും മണക്കാട് പഞ്ചായത്തിലുമാണ് ആദ്യ ഘട്ടമെന്ന നിലയിൽ പഠനോദ്യാനം പ്രവർത്തിക്കുക. യൂനിസെഫിന്റെ കീഴിൽ നടന്ന പഠനത്തിൽ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ സയൻസ് വിഷയങ്ങളിലും ഗണിതത്തിലും പിന്നാക്കം നിൽക്കുന്നതായി കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും ആദിവാസി മേഖലയിലെ കുട്ടികളിൽ കൂടുതൽ പേർക്കും ഈ രണ്ടു വിഷയങ്ങളുടെ പഠനത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്നതായി വിദ്യാഭ്യാസ രംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ആദിവാസി മേഖല കേന്ദ്രീകരിച്ച് ഇടുക്കിയിൽ ഇത്തരമൊരു പദ്ധതി പരീക്ഷണാർത്ഥം തുടങ്ങുന്നത്. ആദിവാസികളുടെ ചുറ്റുപാടുകളുമായി ബന്ധിപ്പിച്ചുള്ള പഠനത്തിനാണ് പ്രാധാന്യം നൽകുന്നത്. കുട്ടികളുടെ പഠന ശേഷി, ജീവിത സാഹചര്യങ്ങൾ, ചുറ്റുപാടുകൾ എന്നിവ നിരീക്ഷിച്ച് കുട്ടിക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കലും കോഡിനേറ്ററുടെയും വളണ്ടിയേഴ്‌സിെന്റയും ചുമതലയാണ്. പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിെന്റ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ലക്ഷ്യം
സെക്കൻഡറി വിഭാഗത്തിൽ കുട്ടികൾക്ക് ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന അറിവ് തന്റെ പ്രദേശത്തെ സംസ്‌കാരവുമായി ബന്ധിപ്പിച്ച് കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യൂനിസെഫിന്റെയും സർക്കാരിന്റെയും സഹായത്തോടെ പാലക്കാട് സ്ഥാപിതമായ ജനകീയ ഗവേഷണ സ്ഥാപനമായ ഇന്റഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്ററാണ് (ഐ.ആർ.ടി.സി) വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
സെന്ററുകൾ ആരംഭിക്കുന്നത് ഇവിടെ
അടിമാലി പഞ്ചായത്തിലെ മന്നാംകണ്ടം, ഇഡലിപ്പാറക്കുടി, വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തോട്ടി, മണക്കാട് പഞ്ചായത്തിലെ അരിക്കുഴ
എന്നിവിടങ്ങളിലാണ് സെന്ററുകൾ ആരംഭിക്കുന്നത്. അടിമാലി പഞ്ചായത്തിലെ സെന്ററുകൾ രാവിലെ ഒമ്പത് മുതൽ പത്ത് വരെയും വെള്ളിയാമറ്റത്തേത് ആറ് മുതൽ വൈകിട്ട് ഏഴ് വരെയും മണക്കാട് ശനി, ഞായർ ദിവസങ്ങളിലുമാണ് പ്രവർത്തിക്കുക. ഒരു സെന്ററിൽ മൂന്ന് വളണ്ടിയേഴ്‌സും ഒരു സെന്റർ കോ-ഓഡിനേറ്ററുമാണ് ഉണ്ടാകുക. പ്രാദേശികതലത്തിൽ നിന്നുള്ളവരെ തന്നെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
' കുട്ടിക്കുള്ള കഴിവിനെ അംഗീകരിച്ച് കൂടുതൽ മികവിലെത്തിക്കുകയെന്നതാണ് പഠനോദ്യാനത്തിലൂടെ ലക്ഷ്യമിടുന്നത്. ""
- വി.വി. ഷാജി
(പദ്ധതി കോ-ഓർഡിനേറ്റർ, റിട്ട. അദ്ധ്യാപകൻ)