തൊടുപുഴ: ഇടുക്കി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി ജിതിൻരാജ് സംവിധാനം ചെയ്ത 'വിരാഗ്' തിരഞ്ഞെടുക്കപ്പെട്ടു. അനുജയ് രാമൻ സംവിധാനം ചെയ്ത 'ലൂസർ' ആണ് മികച്ച രണ്ടാമത്തെ ചിത്രം. സ്‌പെഷ്യൽ ജൂറി പുരസ്‌കാരം അരുൺ കെ. വാണിയംകുളം സംവിധാനം ചെയ്ത 'സീസറിന്റെ കുമ്പസാരം' കരസ്ഥമാക്കി. വിരാഗിന്റെ സംവിധായകൻ ജിതിൻ രാജാണ് മികച്ച സംവിധായകൻ. ലൂസറിലെ നായകൻ സാലി മരക്കാർ മികച്ച നടനായും വിരാഗിലെ നായിക മരിയ പ്രിൻസ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 'സീസറിന്റെ കുമ്പസാര"ത്തിന്റെയും 'കുഞ്ഞാപ്പി'യുടെയും കാമറ നിർവഹിച്ച തായ് പ്രസാദിനാണ് കാമറാമാനുള്ള അവാർഡ്. എഡിറ്റിംഗിനുള്ള പുരസ്‌കാരം സച്ചിൻ സത്യയും നേടി. സീസറിന്റെ കുമ്പസാരമാണ് സച്ചിന് പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച ഷോർട്ട് ഫിലിമിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. മികച്ച നടൻ/ നടി, മികച്ച സംവിധായകൻ, കാമറാമാൻ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കും സ്‌പെഷൽ ജൂറി പരാമർശം നേടിയ ചിത്രത്തിനും ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംവിധായകൻ ജയരാജ്, മനോരമ ന്യൂസ് മുൻ ചീഫ് കാമറാമാൻ പി.ജെ. ചെറിയാൻ, ഫിലിം എഡിറ്റർ ശ്രീകുമാർ നായർ, തിരക്കഥകൃത്ത് സനിൽ അബ്രാം എന്നിവരുടെ പാനലാണ് വിജയികളെ നിശ്ചയിച്ചത്. ഇടുക്കി പ്രസ്‌ക്ലബും തൊടുപുഴ അൽ- അസ്ഹർ ഗ്രൂപ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായാണ് തൊടുപുഴയിൽ രണ്ടാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരുക്കിയിട്ടുള്ളത്. മാദ്ധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ ഓർമയ്ക്കായി സംഘടിപ്പിച്ചിട്ടുള്ള ഫെസ്റ്റിവലിൽ അറുപതോളം ചിത്രങ്ങളാണ് പരിഗണനയ്ക്ക് വന്നത്. ഇതിൽ തിരഞ്ഞെടുത്ത 27 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വാർത്ത സമ്മേളനത്തിൽ പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്രഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ്, അൽ- അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ കെ.എം. മിജാസ്, മേള കോ- ഓർഡിനേറ്റർ ഉണ്ണി രാമപുരം എന്നിവർ പങ്കെടുത്തു.