കട്ടപ്പന: കട്ടപ്പനയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. ഏജൻസിയായി പ്രവർത്തിക്കുന്ന ഡിവൈൻ ഗ്യാസ് ഏജൻസിയുടെ ലൈസൻസാണ് സസ്‌പെന്റ് ചെയ്തത്. എന്നാൽ ഉപഭോക്താക്കൾക്ക് സമീപപ്രദേശങ്ങളിലുള്ള ഏജൻസികളിൽ നിന്ന് തടസം കൂടാതെ പാചകവാതകം എത്തിച്ച് നൽകുമെന്ന് ഐ.ഒ.സി അധികൃതർ പറഞ്ഞു. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്ന് എത്തിയ ഉദ്യോഗസ്ഥരാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ലൈസൻസ് ബിനാമി പേരിൽ പ്രവർത്തനം നടത്തുന്നു,
സ്ഥിരമായി ഏജൻസിയിൽ ഉണ്ടാവാൻ ചുമതലയുള്ളയാൾ മൂന്ന് വർഷമായ് വിദേശത്ത് കഴിയുന്നു, രസീതിൽ രേഖപ്പെടുത്തിയതിലും അധികം തുക വാങ്ങുന്നു എന്നീ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ ഉടമകൾ തമ്മിലുള്ള സാമ്പാത്തിക തർക്കമാണ് ഏജൻസി പൂട്ടുന്നതിന് കാരണമെന്നും പറയുന്നുണ്ട്. തുടക്കത്തിൽ 55,000 ഉപഭോക്താക്കൾ ഉണ്ടായിരുന്ന ഡിവൈൻ ഗ്യാസ് ഏജൻസിയിൽ ഇപ്പോളുള്ളത് 20,000 ഉപഭോക്താക്കളാണ്.
ക്ഷാമത്തിനിടയാക്കും
ഏജൻസി പ്രവർത്തനം നിറുത്തലാക്കുന്നതോടെ വരും ദിവസങ്ങളിൽ പാചക വാതകത്തിന് മേഖലയിൽ ക്ഷാമം നേരിടാൻ സാദ്ധ്യത ഏറെയാണ്. ഏജൻസിയിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന എട്ട് തൊഴിലാളികൾക്ക് ജോലിയും നഷ്ടപ്പെട്ടു. ഡിവൈൻ ഗ്യാസ് ഏജൻസിയിലുള്ള ഉപഭോക്താക്കൾക്ക് കെ.പി.എം ഇൻഡെയ്ൻ, ഗ്യാലക്സി ഇൻഡെയ്ൻ, കുമിളി ഇൻഡെയ്ൻ എന്നീ ഏജൻസികളിൽ നിന്ന് അധിക വില നൽകാതെ തന്നെ ഗ്യാസ് ലഭ്യമാകുമെന്നാണ് അധികൃതർ പറയുന്നത്.