ചെറുതോണി: വീടിനോടു ചേർന്നുള്ള സംരക്ഷണഭിത്തിയിടിഞ്ഞ് ദേഹത്ത് വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. മുരിക്കാശേരി പെരിയാർവാലി സ്വദേശി മരുതുംകുന്നേൽ ജോഷിയുടെ മകൾ ഇവാനിയയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. വീടിനോടുചേർന്നുള്ള മൺതിട്ടിയിടിഞ്ഞു വീഴാതിരിക്കാനാണ് ഇഷ്ടിക ഉപയോഗിച്ച് ഏഴ് അടിയോളം ഉയരത്തിൽ ഭിത്തി നിർമ്മിച്ചത്. ജോഷിയും തൊഴിലാളികളും ചേർന്ന് നിർമാണത്തിലിരുന്ന സംരക്ഷണഭിത്തിക്കും മൺതിട്ടയ്ക്കും ഇടയിൽ മണ്ണിട്ട് നിറയ്ക്കുകയായിരുന്നു. ഈ സമയം സംരക്ഷണഭിത്തിയോട് ചേർന്ന് കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ഇവാനിയയെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്കും കൊണ്ടുപോയെങ്കിലും കോതമംഗലത്തെത്തിയപ്പോൾ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ. രാജപുരം ക്രിസ്തുരാജ് എൽ.പി സ്‌കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപിക പോത്താനിക്കാട് എരമംഗലത്ത് സുനുവാണ് മാതാവ്. ജോഷി കോലഞ്ചേരിയിലെ ബാർഹോട്ടൽ തൊഴിലാളിയാണ്. അന്നമോളാണ് സഹോദരി.