തൊടുപുഴ: നിർമ്മാണം ഏകദേശം പൂർത്തിയാക്കിയ കെ.എസ്.ആർ.ടി.സി പുതിയ ഡിപ്പോ ഉടനെങ്ങും പ്രവർത്തനസജ്ജമാകുമെന്ന പ്രതീക്ഷ വേണ്ട. സാമ്പത്തിക പ്രതിസന്ധിയാണ് ഡിപ്പോ ഉദ്‌ഘാടനം വൈകാൻ കാരണമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇടുക്കി റോഡിൽ കെ.എസ്.ആർ.ടി.സിയുടെ സ്വന്തം സ്ഥലത്ത് 2013 ൽ ആരംഭിച്ച ഡിപ്പോ നിർമാണം ആറ് വർഷം കഴിഞ്ഞിട്ടും കട്ടപ്പുറത്ത് തന്നെയാണ്. ഇതിനൊപ്പം നിർമാണം ആരംഭിച്ച പല ഡിപ്പോകളും പ്രവർത്തനം തുടങ്ങിയിട്ടും തൊടുപുഴ മാത്രം സ്തംഭനാവസ്ഥയിലാണ്. ഓട് - ആസ്പറ്റോസ്- തകര ഷീറ്റുകൾ കൊണ്ട് കെട്ടിമറിച്ച, അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടി പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നിർമ്മാണത്തിന് പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രാദേശിക ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള സാധ്യത തെളിഞ്ഞത്. പിന്നീട് സർക്കാർ 12 കോടിയും അതിന് ശേഷം നാല് കോടിയും ഇതിനിടയിൽ പി.ജെ. ജോസഫ് എം.എൽ.എ വീണ്ടും 50 ലക്ഷവും അനുവദിച്ചിരുന്നു. സാങ്കേതിക കാരണങ്ങളാലും എസ്റ്റിമേറ്റ് തുകയിൽ നിന്നും നിർമ്മാണ ചിലവ് ഗണ്യമായി വർദ്ധിച്ചതിനാലും പല ഘട്ടങ്ങളിലും നിർമ്മാണം നിലച്ചെങ്കിലും ഒരു വിധം പൂർത്തിയായി. ഇതിനിടെ കെട്ടിടത്തിലെ കടമുറികൾ ഒന്നിലേറെ തവണ ലേലം നടത്തിയെങ്കിലും പല കാരണങ്ങളാൽ അതെല്ലാം താറുമാറായി.
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു
40 ബസുകൾ ഒരേസമയം പാർക്ക് ചെയ്യാനും പത്തു ബസുകൾക്ക് ഒരേസമയം യാത്രക്കാരെ കയറ്റി ഇറക്കി പോകാനുള്ള സൗകര്യം, ജീവനക്കാർക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യം, ഏറ്റവും താഴത്തെ നിലയിൽ പാർക്കിംഗ്, ഒന്നാം നിലയിൽ ബസ് സ്റ്റാൻഡ്, രണ്ടും മൂന്നും നിലകളിൽ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഏറ്റവും മുകളിലെ നിലയിൽ സിനിമാ തിയേറ്റർ, പത്തോളം ബസുകൾ ഒരേസമയം അറ്റകുറ്റ പണികൾ നടത്താൻ കഴിയുന്ന തരത്തിലുള്ള ഗാരേജ് തുടങ്ങി ജില്ലയിൽ ആദ്യത്തെ അത്യാധുനിക രീതിയിലുള്ള നാല് നിലകളിലുള്ള ഡിപ്പോ ടെർമിനലായിരുന്നു അധികൃതരുടെ ലക്ഷ്യം.
ചോദ്യചിഹ്നമായി നഗരസഭയുടെ അന്ത്യശാസനം
നഗരസഭയുടെ ലോറി സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന താത്കാലിക ഡിപ്പോയിൽ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 22ന് കെ.എസ്.ആർ.ടി.സി ഡി.ടി.ഒയ്ക്ക് നഗരസഭ കത്ത് നൽകിയിരുന്നു. ലോറി സ്റ്റാൻഡിൽ പ്രവർത്തിക്കാനുള്ള അവസാന തിയതി ഒക്ടോബർ 10ന് അവസാനിക്കും. ഒക്ടോബർ 11ന് ലോറി സ്റ്റാൻഡ് ഒഴിവായി നൽകണമെന്നാണ് നഗരസഭ കെ.എസ്.ആർ.ടി.സിക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്. എന്നാൽ കത്ത് ലഭിച്ചിട്ടില്ലെന്നാണ് കെ.എസ്.ആർ.ടി.സി എം.ഡി കേരളകൗമുദിയോട് പറഞ്ഞത്.
"നഗരസഭ കെ.എസ്.ആർ.ടി.സിക്ക് നൽകിയ കത്ത് സംബന്ധിച്ച് അറിയില്ല. ഇതേക്കുറിച്ച് അന്വേഷിക്കും. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഡിപ്പോ ഉദ്ഘാടനം വൈകുന്നത്. പുതിയ ഡിപ്പോയിലേക്ക് മാറ്റാനുള്ള സാധ്യതകളെല്ലം പരിശോധിക്കും "
-എം.പി. ദിനേശ്
(ചെയർമാൻ ആന്റ് എം.ഡി, കെ.എസ്.ആർ.ടി.സി)