മുട്ടം: കോളപ്രയിൽ അരമണിക്കൂറിനിടയിൽ ഉണ്ടായത് രണ്ട് കാറപകടങ്ങൾ. രണ്ടിലും ആർക്കും കാര്യമായ പരിക്കില്ല. വ്യാഴാഴ്ച രാത്രി 12 മണിയോടെ കുടയത്തൂർ ഹയർസെക്കൻഡറി സ്കൂളിനു സമീപം കരിങ്കുന്നം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സ്ഥിരം അപകടമേഖലയായ ഇവിടെ നിരവധി അപകടങ്ങളാണ് അടുത്തിടെയുണ്ടായത്. രണ്ടാമത്തെ അപകടം അന്ന് രാത്രി 12.30 നായിരുന്നു. കോളപ്ര തടിമില്ലിന് സമീപം നിയന്ത്രണം വിട്ട കാർ 11 കെ.വി വൈദ്യുതി തൂൺ തകർത്ത് സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്നത് തൊടുപുഴ കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥയുടെ മകനായിരുന്നു. ഇയാളും നിസാര പരിക്കോടെ രക്ഷപ്പെട്ടു. മൂലമറ്റത്തു നിന്ന് കാർ തൊടുപുഴ ഭാഗത്തേക്ക് വരികയായിരുന്നു. വീട്ടുകാർ അറിയാതെ രാത്രി കാറുമായി തൊടുപുഴയ്ക്ക് വരുന്ന വഴിയായിരുന്നു അപകടം. രാത്രിയിൽ തന്നെ ഇയാളുടെ സുഹൃത്തുക്കൾ എത്തി അപകടത്തിൽപ്പെട്ട കാർ അവിടെ നിന്ന് മാറ്റി. അപകടവിവരം വീട്ടുകാർ ഇന്നലെ രാവിലെയാണ് അറിഞ്ഞത്. അപകടത്തെ തുടർന്ന് പ്രദേശത്ത് നിലച്ച വൈദ്യുതി ഇന്നലെ ഉച്ചയോടെയാണ് പുനഃസ്ഥാപിച്ചത്.