തോപ്രാംകുടി: 2015 ൽ തോപ്രാംകുടിയിൽ വാടക കെട്ടിടത്തിൽ ആരംഭിച്ച സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട നിർമാണം ഡിസംബറിൽ പൂർത്തിയാകും. സ്വന്തമായി വകുപ്പിന് കെട്ടിടമില്ലാത്തതിനാൽ വാടക കെട്ടിത്തിന്റെ ഒന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, കൊന്നത്തടി, വാത്തിക്കുടി, എന്നീ വില്ലേജുകളിലെ വസ്തുക്കളുടെ രജിസ്‌ട്രേഷനാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഓഫീസ് മുകൾ നിലയിയിൽ പ്രവർത്തിക്കുന്നതിനാൽ പ്രായമായവർക്കും അംഗവൈകല്യമുള്ളവർക്കും ഓഫീസിൽ എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടാണ്. സബ് രജിസ്ട്രാറുടെ ശ്രമഫലമായി കൊല്ലറയ്ക്കൽ ബൈജുതോമസ് നൽകിയ എട്ട് സെൻ്റ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. കിഫ്ബിയിൽ നിന്ന് ഒരുകോടി പത്തുലക്ഷം രൂപ ഇരുനില കെട്ടിടം നിർമിക്കുന്നതിന് സർക്കാർ അനുവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി വീഡിയോ കോൺഫ്‌റൻസിലൂടെ നിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഡിസംബറിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ആധുനിക രീതിയിലുള്ള ഓഫീസ് പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.