തൊടുപുഴ: തകർന്ന റോഡുകളും പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡുകളും മഴ മാറിയാലുടൻ ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കാൻ പി.ജെ. ജോസഫ് എം.എൽ.എ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും നിർദ്ദേശിച്ചു. തൊടുപുഴ നഗരത്തിലെ റോഡുകൾ നവീകരിക്കുന്നതിന് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ അറിയിച്ചു. കൂടാതെ പുറപ്പുഴ - വഴിത്തല - പാറക്കടവ് റോഡ് ബി.എം. & ബി.സി. നിലവാരത്തിൽ നിർമ്മിക്കുന്നതിന് മൂന്നു കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. വണ്ണപ്പുറം - മുള്ളരിങ്ങാട് - പട്ടയക്കുടി - വഞ്ചിക്കൽ റോഡ് (പട്ടയക്കുടി - വഞ്ചിക്കൽ) റോഡ് നവീകരിക്കുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ച ഞറുക്കുറ്റി - വണ്ടമറ്റം ബൈപാസ് - കാളിയാർ എസ്റ്റേറ്റ് - കക്കടാശേരി റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. ആലക്കോട് മുതൽ ഇറുക്കുപാലം വരെയുള്ള ഭാഗം ബി.എം. & ബി.സി. നിലവാരത്തിൽ നിർമ്മിക്കുന്നതിന് 5.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇറക്കുംപുഴ ബൈപാസ് റോഡ് (1.55 കോടി രൂപ), കോലാനി - മാറിക, കുമാരമംഗലം - നീറംപുഴ, മാരിയിൽ കലുങ്ക് - ചുങ്കം റോഡുകളുടെ നിർമ്മാണത്തിന് 2.9 കോടി രൂപയും നെല്ലാപ്പാറ - പുറപ്പുഴ ഭാഗം ബി.എം. & ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 1.7 കോടി രൂപയും വഴിത്തല - കുണിഞ്ഞി - പാറത്തലയ്ക്കൽപ്പാറ - മൈലക്കൊമ്പ് റോഡുകളുടെ നിർമ്മാണത്തിന് 2.75 കോടി രൂപയും മുട്ടം - കാഞ്ഞിരംകവല റോഡ് നിർമ്മാണത്തിന് 2.1 കോടി രൂപയും നടുക്കണ്ടം - മലങ്കര, പ്ലാന്റേഷൻ - ഇല്ലിചാരി, മുട്ടം - കാക്കൊമ്പ് റോഡിന് 2.1 കോടി രൂപയും കരിങ്കുന്നം - പുറപ്പുഴ റോഡിന് 1.2 കോടി രൂപയുടെയും ഭരണാനുമതിയും നേരത്തെ ലഭിച്ചിരുന്നു. കുട്ടപ്പൻ കവല മുതൽ ആനക്കയം വരെയുള്ള ഭാഗം ഗതാഗത യോഗ്യമാക്കുന്നതിന് 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. പാറേക്കവല- മഞ്ചിക്കല്ല്- ചീനിക്കുഴി റോഡ് (1.5 കോടി രൂപ), ഏഴല്ലൂർ - ഈസ്റ്റ് കലൂർ പാറപ്പുഴ റോഡ് (50 ലക്ഷം രൂപ), മുളപ്പുറം- കോട്ടക്കവല പരിയാരം ബൗണ്ടറി റോഡ് (ഒരുകോടി രൂപ), കാഞ്ഞാർ- വെള്ളിയാമറ്റം- കറുകപ്പിള്ളി കവല റോഡ് (50 ലക്ഷം രൂപ), പന്നിമറ്റം- നാളിയാനി- കുളമാവ് റോഡ് (50 ലക്ഷം രൂപ) നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്.