ഇടുക്കി: ശ്രീനാരായണഗുരുദേവന്റെ 92-ാമത് മഹാസമാധി ദിനം എസ്.എൻ.ഡി.പി യോഗത്തിന് കീഴിലുള്ള ജില്ലയിലെ വിവിധ യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. തൊടുപുഴ യൂണിയൻ ഓഫീസിൽ രാവിലെ 8.30ന് വൈക്കം ബെന്നി ശാന്തിയുടെ കാർമ്മികത്വത്തിൽ മഹാസമാധി പ്രാർത്ഥനയും പൂജയും നടന്നു. കൂടാതെ ശാഖകളിൽ രാവിലെ മുതൽ ധ്യാനം, അഷ്ടോത്തര നാമാർച്ചന, അത്മീയ പ്രഭാഷണം, ഗുരുദേവ കൃതികളുടെ പഠനം, ആലാപനം എന്നിവ നടന്നു. ഉടുമ്പന്നൂർ, കുളപ്പാറ, കരിമണ്ണൂർ, കോടിക്കുളം , വഴിത്തല, കുടയത്തൂർ , കരിങ്കുന്നം, കോലാനി , മഞ്ഞള്ളൂർ, അരിക്കുഴ, കുണിഞ്ഞി, മൂലമറ്റം, മുട്ടം, പൊന്നന്താനം, കലൂർ, വണ്ണപ്പുറം, വെങ്ങല്ലൂർ, കാപ്പ്, ഓലിക്കാമറ്റം, കഞ്ഞിക്കുഴി, പഴയരിക്കണ്ടം, മുള്ളരിങ്ങാട്, പൂമാല, മലയിഞ്ചി, തൊടുപുഴ ഈസ്റ്റ്, പുറപ്പുഴ, നാഗപ്പുഴ, പെരുമ്പിള്ളിച്ചിറ, കാളിയാർ, ചെപ്പുകുളം, കലൂർക്കാട്, കുമാരമംഗലം, പുളിയ്ക്കത്തൊട്ടി, എടാട്, തൊടുപുഴ ടൗൺ, പെരിങ്ങാശ്ശേരി, കലയന്താനി, കാളിയാർ ടൗൺ, തൊമ്മൻകുത്ത്, മുണ്ടൻമുടി, ബാലനാട്, വെൺമണി, ചിറ്റൂർ, വെള്ളംനീക്കിപ്പാറ ശാഖകളിൽ മഹാസമാധി ദിനാചരണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടത്തി. എല്ലാ ശാഖയിലും രാവിലെ കൂട്ട ഉപവാസം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, വിശേഷാൽ വഴിപാടുകൾ, ഗുരദേവ കൃതികളുടെ ആലാപനം, പ്രഭാഷണങ്ങൾ, അമൃതഭോജനം എന്നിവ നടന്നു.

ചിറ്റൂർ

രാവിലെ മുതൽ ശിവഗിരി മഠം ശ്രീമത് മഹാദേവാനന്ദ സ്വാമികളുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സർവൈശ്വര്യ പൂജ, ഗുരദേവ കൃതികളുടെ പാരായണം, ഉപവാസം എന്നിവ നടന്നു. 3.30 ന് അമൃതഭോജനത്തോടെ സമാപിച്ചു.

കുടയത്തൂർ

വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബ പ്രാർത്ഥനാ യൂണിറ്റുകൾ തുടങ്ങിയവയടേയും വിവിധ പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണം നടത്തി. രാവിലെ 7.30 മുതൽ ഗുരുപൂജ, ഗുരുപുഷ്പാംഞ്ജലി, 9 മുതൽ ഉപവാസ പ്രാർത്ഥന, ഗുരദേവ കൃതികളുടെ ആലാപനം, ഉച്ചയ്ക്ക് 1.30 മുതൽ അനുസ്മരണ സമ്മേളനം എന്നിവ നടന്നു.

കാളിയാർ

കാളിയാർ ടൗൺ ശാഖാ മന്ദിരത്തിൽ രാവിലെ ഗണപതി ഹോമം, ഗുരുപൂജ, ഗുരുപുഷ്പാംഞ്ജലി, ഉപവാസ പ്രാർത്ഥന എന്നിവ നടന്നു. 12.30 ന് നടന്ന സമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് കെ.എൻ രാജേഷിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്തു. ശാഖാ യൂണിയൻ കമ്മിറ്രി മെമ്പർ റ്റി.എസ് ലക്ഷ്മണൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് സിന്ദു സുധാകരൻ, വനിതാ സംഘം സെക്രട്ടറി അനമോൾ സുഭാഷ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എൻ.കെ ദിവാകരൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി.എൻ വിജയൻ നന്ദിയും പറഞ്ഞു. സിന്ധു അജിമോൻ പ്രഭാഷണം നടത്തി.

മുട്ടം

മുട്ടം ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ മഹാസമാധി ദിനാചരണം ആചരിച്ചു. രാവിലെ ആറിന് നടതുറക്കൽ, ഏഴിന് ഗുരുപൂജ, എട്ടിന് ഗുരുദേവ കൃതികളുടെ പാരായണവും സമൂഹ പ്രാർത്ഥനയും, 10 ന് വിശേഷാൽ ഗുരുപൂജ, മറ്റ് വഴിപാടുകൾ എന്നിവ നടന്നു. 11 ന് ക്ഷേത്രം തന്ത്രി വൈക്കം ബെന്നിശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. 12 ന് സീന പള്ളിക്കര അവതരിപ്പിക്കുന്ന ശ്രീനാരായണ ഗുരദേവൻ എന്ന കഥാപ്രസംഗം, മൂന്നിന് സമാധി പ്രാർത്ഥന, 3.30 ന് അന്നദാനം എന്നിവ നടന്നു.


കഞ്ഞിക്കുഴി

വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബയോഗ യൂണിറ്റുകൾ, ബാലജന യോഗങ്ങൾ തുടങ്ങിയ പോഷക സംഘടനകളുടെ സഹകരണത്തോടെ രാവിലെ ആറിന് പ്രത്യേക പൂജകളോടെ സമാധിദിനാചരണത്തിന് തുടക്കംകുറിച്ചു. തുടർന്ന് ഗുരുപൂജ, പ്രഭാഷണം ഗുരുദേവ കൃതികളുടെ പാരായണം, വിശേഷാൽ പൂജ, സമൂഹ പ്രാർത്ഥന, ഉപവാസം, അന്നദാനം തുടങ്ങിയവയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3.20ന് സമാധിപൂജയോടെ സമാപിച്ചു.


കാപ്പ്,​ വെങ്ങല്ലൂർ

കാപ്പ് ശാഖയുടെയും വെങ്ങല്ലൂർ ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെങ്ങല്ലൂർ ചെറായിക്കൽ ക്ഷേത്രാങ്കണത്തിൽ ശ്രീനാരായണ ഗുരദേവന്റെ മഹാസമാധി ദിനാചരണം നടന്നു. രാവിലെ എട്ടിന് ഗുരുവന്ദനം, ഒമ്പതിന് മഹാസമാധി ദിവ്യപൂജ, ഉപവാസം, സമൂഹ പ്രാർത്ഥന, ഉച്ചയ്ക്ക് 12ന് ഷൈലജ രവീന്ദ്രൻ പ്രഭാഷണം നടത്തി. 3.20ന് സമർപ്പണവും ഉപവാസ സമാപനവും, തുടർന്ന് അമൃത ഭോജനം എന്നിവ നടന്നു.

വണ്ണപ്പുറം: ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനാചരണം വണ്ണപ്പുറം ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടന്നു. രാവിലെ ആറിന് ഗുരുപൂജ, ഗുരുപുഷ്പാംഞ്ജലി, 10.30 ന് സമൂഹ പ്രാർത്ഥന, 12ന് മഹാസമാധി സമ്മേളനം എന്നിവ നടന്നു. ശാഖാ പ്രസിഡന്റ് ഷാജു പാറച്ചാലിന്റെ അദ്ധ്യക്ഷതയിൽ യോഗം ഡയറക്ടർ കെ.ഡി. ഷാജി കല്ലാറയിൽ ഉദ്ഘാടനം ചെയ്തു. 3.20 ന് മഹാസമാധി പൂജ, തുടർന്ന് അമൃതഭോജനം എന്നിവ നടന്നു.


കലൂർ

പ്രാർത്ഥനാ മന്ദിരത്തിൽ രാവിലെ മുതൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം എന്നിവ നടന്നു. തുടർന്ന് നടന്ന സമ്മേളനം ശാഖാ പ്രസിഡന്റ് കെ.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.എസ്. വിജയൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ശശി കൊട്ടാരം നന്ദിയും പറഞ്ഞു. 3.30 ന് ഉപവാസ സമാപനം, അമൃത ഭോജനം എന്നിവ നടന്നു.


മാങ്ങാത്തൊട്ടി:

ശിവഗിരി ശ്രീ ശാരദാ പ്രതിഷ്ഠാ ശതാബ്ദി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ രാവിലെ ഉഷപൂജ, തുടർന്ന് ശാന്തിഹവനം, ഗണപതി ഹോമം, എട്ടിന് പന്തീരടി പൂജ, ഉച്ചപൂജ, 10.30 ന് ഉപവാസ പ്രാർത്ഥന എന്നിവ നടന്നു. അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം, സെക്രട്ടറി സുനു രാമകൃഷ്ണൻ എന്നിവർ സമാധിദിന സന്ദേശം നൽകി.