ചെറുതോണി: വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച കാമുകനെതിരെ മുരിക്കാശേരി പൊലീസ് കേസെടുത്തു. കമ്പിളികണ്ടം സ്വദേശി ജിത്തു ജോണിനെതിരെയാണ് കേസെടുത്തത്. വാഴത്തോപ്പ് സ്വദേശിയായ പെൺകുട്ടി ഇപ്പോഴും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ തലയ്ക്കും മുഖത്തുമാണ് കൂടുതൽ അടിയേറ്റിട്ടുള്ളത്. മർദ്ദനത്തിൽ ചെവിയുടെ കർണപുടത്തിനും താടിയെല്ലിനും പൊട്ടലേറ്റതായി ഡോക്ടർമാർ അറിയിച്ചു. തലയ്ക്ക് നീരുള്ളതിനാൽ രണ്ടുദിവസം കഴിഞ്ഞേ സ്‌കാൻ ചെയ്യാൻ കഴിയൂവെന്നും വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇപ്പോൾ സംസാരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥയിലാണ് പെൺകുട്ടി. കേസ് ഒത്തു തീർപ്പാക്കുന്നതിന് പലരും പരിശ്രമിക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ടു പോകാനാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ തീരുമാനം. മുരിക്കാശേരി പൊലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ മർദ്ദിക്കുന്നതിന് സൗക്യമൊരുക്കിയ കൂട്ടുപ്രതിയുടെ പേരിലും കേസ് എടുക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. പ്രതിയെ ഉടനെ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പെൺകുട്ടി പറയുന്നത്

ഇരുവരും ബി.സി.എ അവസാന വർഷ വിദ്യാർത്ഥികളാണ്. ആദ്യവർഷ മുതൽ ഇരുവരും ഇഷ്ടത്തിലായിരുന്നു. ഇതിനിടെ പഠനത്തിന്റെ ഭാഗമായി പ്രോജകട് ചെയ്യാൻ എറണാകുളത്ത് പോയപ്പോൾ ജിത്തു ജോൺ മോശമായി പെരുമാറി. കഞ്ചാവും മദ്യവും ഉപയോഗിക്കുന്നതായും മനസിലായതായി പെൺകുട്ടി അറിഞ്ഞു. ഇതോടെ പെൺകുട്ടി ജിത്തുവുമായി അകലുകയായിരുന്നു. പെൺകുട്ടി പിന്നീട് മറ്റാരാടോ ഇഷ്ടത്തിലായെന്ന് മനസിലാക്കിയ ജിത്തു ആക്രമിക്കാൻ തന്നെ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ക്ലാസിലെത്തിയത്. ക്ലാസിലെ ആൺകുട്ടികൾക്ക് ജിത്തുവിന്റെ ഉദ്ദേശ്യം അറിയാമായിരുന്നു. ആൺകുട്ടികൾ കൂട്ടത്തോടെ ക്ലാസിൽ നിന്ന് പുറത്തിറങ്ങിയശേഷം ജിത്തു മുറിയിൽ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ജിത്തുവിന്റെ സുഹൃത്ത് ക്ലാസ് മുറിയുടെ കതക് പുറത്ത് നിന്ന് ലോക്ക് ചെയ്തു. മർദ്ദനമാരംഭിച്ചതോടെ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന മറ്റ്‌ പെൺകുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് അദ്ധ്യാപകരെത്തിയാണ് പെൺകുട്ടിയെ രക്ഷിച്ചത്. ഇതിനിടെ ജിത്തു നിരവധി തവണ പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും ഇടിക്കുകയും ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റു വീണ പെൺകുട്ടിയെ ഷൂ ഇട്ട് ചവിട്ടുകയും ചെയ്തു.