land-mafia

പീരുമേട്: വാഗമണ്ണിലെ 55 ഏക്കർ സർക്കാർ ഭൂമി കൈയേറി വ്യാജ പട്ടയമുപയോഗിച്ച് സ്വകാര്യ തോട്ടം ഉടമകൾ മറിച്ചുവിറ്റെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന് റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

എറണാകുളം സ്വദേശിയും റാണിമുടി എസ്റ്റേറ്റ് ഉടമയുമായ ജോളി സ്റ്റീഫൻ, അച്ഛൻ കെ.ജെ. സ്റ്റീഫൻ എന്നിവർ ഭൂമി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തന്റെ സ്ഥലം വ്യാജപട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയെന്ന് ജോളി സ്റ്റീഫന്റെ മുൻ ഭാര്യ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. 1989ൽ ജോളി സ്റ്റീഫനും ബന്ധുക്കളും വാഗമണ്ണിൽ 54.7 ഏക്കർ പട്ടയഭൂമി വാങ്ങി. ഇതോടൊപ്പം 55.3 ഏക്കർ സർക്കാർ ഭൂമി കൈയേറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

പീരുമേട് താലൂക്കിലെ അന്നത്തെ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോട ഈ ഭൂമിക്ക് സാങ്കല്പിക പേരുകളിൽ 15 വ്യാജ പട്ടയങ്ങളുണ്ടാക്കി. തുടർന്ന് ഇവരുടെ ബന്ധു ബിജു ജോർജിന് ഈ പട്ടയങ്ങൾ മുക്ത്യാർ വഴി കൈമാറി വില്പന നടത്തി. 60 കോടി വിലമതിക്കുന്ന 46.22 ഏക്കർ ഭൂമിയാണ് ഇങ്ങനെ വിറ്റത്. ഈ ഭൂമിയിൽ റിസോർട്ടുകൾ നിർമിച്ചിട്ടുണ്ട്.

പട്ടയമുള്ള 54.7 ഏക്കർ ഭൂമിക്ക് വേണ്ടിയും ഇവർ വ്യാജരേഖ ചമച്ചു. പട്ടയഭൂമിയുടെ സർവേ നമ്പർ മാറിക്കിടന്നതിനാലാണ് വ്യാജ പട്ടയങ്ങൾ ചമച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കുറ്റകൃത്യത്തിന്റെ യഥാർത്ഥ വ്യാപ്തി മനസിലാക്കാൻ കഴിയൂവെന്നും ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.എ. ആന്റണിയുടെ റിപ്പോർട്ടിൽ പറയുന്നു.