ഇടുക്കി : കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പ്രയോജനം മുഴുവൻആദിവാസികൾക്കും കിട്ടിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായി ഗോത്രവർഗ പാർലമെന്റ് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കും. കേരളത്തിലെ പ്രഥമ പാർലമെന്റ് മറയൂരിൽ നടത്തും. മറയൂർ, കാന്തല്ലൂർ, വട്ടവട എന്നീ പഞ്ചായത്തിലെ ആദിവാസികജനവിഭാഗളുമായുള്ള പ്രശ്നങ്ങളും പരിഹാരവുമാ് നിർദേശിക്കുന്നത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 5 ന് രാവിലെ 9 ന് മറയൂർകോവിൽകടവ് ജയമാതാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്യും.

51 കുടികളിൽ നിന്നും അഞ്ച് വീതം പ്രതിനിധികളാണ് പാർലമെന്റിൽ പ്രതിനിധികളായി എത്തുക. ജില്ലയിലെ എല്ലാ സർക്കാർ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ആയിരിക്കും പാർലമെന്റ് നടത്തുക. ആദിവാസികൾ ഒറ്റയ്ക്കും കൂട്ടായും നേരിടുന്ന പ്രശ്നങ്ങൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശകലനം ചെയ്യും.
. ജില്ലാ ജഡ്ജി മുഹമ്മദ് വസീം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ നിസാർ അഹമ്മദ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ,ദേവികുളം സബ് കളക്ടർ രേണുരാജ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.


ആദിവാസിളുടെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും ഉൾക്കൊള്ളിച്ചുകൊണ്ട് മേഖലയുടെ സമഗ്രമായ പുരോഗതി നടപ്പിലാക്കുംവിധം ഒരു പദ്ധതി ബില്ലിന്റെ രൂപത്തിൽ അവതരിപ്പിച്ച് പാസാക്കി എടുക്കുന്നതും പാർലമെന്റിന്റെ പ്രത്യേകതയായിരിക്കും. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഗോത്രവർഗ്ഗ പാർലമെന്റ് സംഘടിപ്പിക്കുന്നത്.