തൊടുപുഴ :'വഴികാട്ടാൻ വാഗമൺ' ഹരിതകേരളം ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ വിപുലമായ ഹരിത ടൂറിസം പദ്ധതി നടപ്പാക്കുന്നു.പ്രോജക്ട് പ്രവർത്തനങ്ങളും രൂപരേഖയും അംഗീകരിക്കുന്നതിനുമായി പദ്ധതിയുടെ നടത്തിപ്പിനുള്ള ജില്ലാ തല സമിതി യോഗം ഇന്ന് രാവിലെ 11ന് കളക്ടർ എച് ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ നടക്കും.
കനത്ത മഴയെ തുടർന്ന് നടക്കാതെ പോയ മെഗാ ക്ലീനിംഗ് പരിപാടി, വാഗമണ്ണിലേയ്ക്കുള്ള റൂട്ടുകളിൽ ഹരിത ചെക്ക്‌പോസ്റ്റ് സ്ഥാപിച്ച് പരിശോധനകൾക്ക് സംവിധാനമൊരുക്കൽ,ഹരിത ഇടനാഴിയൊരുക്കൽ, ഹരിത സംരംഭങ്ങൾ സജ്ജമാക്കൽ എന്നിവയൊക്കെ വഴികാട്ടാൻ വാഗമൺ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങളാണ്.
ഹരിത കർമ്മ സേനയെ സുസജ്ജമാക്കി കർമ്മപഥത്തിലെത്തിക്കൽ,അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ചുവെയ്ക്കുന്നതിന് എംസിഎഫ് ക്രമീകരിക്കൽ,പൊതു ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കൽ, പ്രദേശത്തെ ഓരോ സ്ഥാപനത്തിലും വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കൽഅജൈവ മാലിന്യം ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തൽ,പൊതു ടോയ്ലറ്റുകൾ, വിശ്രമ സ്ഥലങ്ങൾ എന്നിവ നിർമ്മിക്കൽ,മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ പഞ്ചായയത്തുകളിലാകെ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കൽ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കൽ,വഴിയോര കച്ചവടക്കാർക്ക് മാലിന്യപരിപാലനം നിർബന്ധിതമാക്കുന്നതിനായി ഗ്രീൻ ലൈസൻസ് ഏർപ്പെടുത്തൽ,ബദൽ ഉൽപ്പന്നങ്ങളുടെ (തുണിസഞ്ചി, പുനരുപയോഗ സാധ്യമായ പ്ലേറ്റ്, കപ്പ്) പ്രചാരണം, മാലിന്യ സംസ്‌കരണം സംബന്ധിച്ച ബഹുജന വിദ്യാഭ്യാസ പരിപാടികൾ, ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേപച്ചക്കറി, ഇറച്ചി, ചിക്കൻ, മത്സ്യ വ്യാപാരികൾ ബേക്കറി, ഫ്രൂട്സ് സ്റ്റാൾ, ഫ്ളവർ ഷോപ്പുകൾസ്റ്റേഷനറി, മെഡിക്കൽ സ്റ്റോർ, ടെക്െ്രസ്രെൽ, സാനിട്ടറി ഷോപ്പുകൾ ബ്യൂട്ടി സെന്ററുകൾ, ബാർബർ ഷോപ്പുകൾ വർക് ഷോപ്പുകൾ, ആട്ടോമൊബൈൽ വർക്‌ഷോപ്പുകൾ സർവ്വീസിംഗ് സ്റ്റേഷനുകൾവഴിയോര കച്ചവടക്കാർകന്നുകാലി കർഷകർ തുടങ്ങിയ വിവിധ വിഭാഗക്കാർക്കായി പ്രത്യേക പരിശീലനങ്ങൾ സംഘടിപ്പിക്കൽ,കുട്ടികൾ വഴി മാലിന്യം ഉറവിടത്തിൽ വേർതിരിക്കൽ,എന്നിവയും പ്രോജക്ടിലുൾപ്പെടുന്നു.
2020 മാർച്ചിൽ സമ്പൂർണ്ണ ഹരിത ടൂറിസം മേഖലയായി വാഗമൺ പ്രദേശത്തെ പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തന കലണ്ടറാണ് സംഘാടകർ തയ്യാറാക്കിയിട്ടുള്ളത്. വാഗമൺ, പരുന്തുംപാറ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ രൂക്ഷമായ മാലിന്യ പ്രശ്നങ്ങൾ ഹരിതകേരളം മിഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് ടൂറിസം മന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ തീരുമാനമായത്.