തൊടുപുഴ: പുറപ്പുഴയിൽ രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരക്കുറ്റികൾ കുത്തി തുറന്ന് മോഷണം. പുറപ്പുഴ എസ്.എൻ.ഡി.പി ക്ഷേത്രം, ഉമ മഹേശ്വര ക്ഷേത്രം എന്നിവിടങ്ങളിലായി ശനിയാഴ്ച രാത്രിയോടെയാണ് മോഷണം നടന്നത്. എസ് എൻ ഡി പി ക്ഷേത്രത്തിന്റെ കൗണ്ടറിൽ കിടന്നിരുന്ന മേശയുടെ നാല് ഡ്രോയും കുത്തിത്തുറന്ന് അഞ്ഞൂറോളം രൂപയുടെ നാണയങ്ങളും കാണിക്കയിൽ നിന്നുള്ള ആറായിരത്തോളം രൂപയുമാണ് മോഷ്ടിച്ചത്.ഓണം, ചതയം, സമാധി തുടങ്ങിയ ദിവസങ്ങളിലെ രൂപ കാണിക്കയിലുണ്ടായിരുന്നതായി പറയുന്നു. രാവിലെ 6.30 ന് പൂജ ആവശ്യത്തിനായി സെക്രട്ടറി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉമ മഹേശ്വര ക്ഷേത്രത്തിലെ കാണിക്കയായി ഇട്ടിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്.കരിങ്കുന്നം എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.