road

ബൈസൺവാലി: അഞ്ചുവർഷമായി തകർന്നു കിടക്കുന്ന വട്ടപ്പാറ- ബൈസൺവാലി റോഡ് പ്രദേശവാസികൾക്ക് സമ്മാനിക്കുന്നത് ദുരിത യാത്ര. വട്ടപ്പാറ നിവാസികൾക്ക് എളുപ്പമാർഗത്തിൽ മാങ്ങാത്തൊട്ടി, രാജകുമാരി, രാജാക്കാട് മേഖലയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന റോഡാണ് വർഷങ്ങളായി
തകർന്നു കിടക്കുന്നത്. റോഡിന്റെ ശാപമോക്ഷത്തിനായി പ്രദേശവാസികൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നാളിതുവരെ യാതൊരുവിധ നടപടിയും ഉണ്ടായില്ല. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളും സ്‌കൂൾ ബസുകളും ഉൾപ്പെടെ കടന്നുപോകുന്ന പാതയാണിത്. വട്ടപ്പാറ മുതൽ ചെമ്മണ്ണാർ റോഡിനോട് ചേരുന്നത് വരെയുള്ള രണ്ടു കിലോമീറ്റർ ദൂരമാണ് പൂർണമായും തകർന്നു കിടക്കുന്നത്. റോഡിന് ഇരുവശങ്ങളിലുമായി അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൻ മരങ്ങൾ വെട്ടി മാറ്റി റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്നാണ്
പ്രദേശവാസികളുടെ ആവശ്യം. വട്ടപ്പാറ നിവാസികളുടെ യാത്രാ ക്ലേശത്തിന് എത്രയും പെട്ടെന്ന് അധികൃതർ പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ സമര സമിതി രൂപികരിച്ചു സമരത്തിന് ഒരുങ്ങുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.