തൊടുപുഴ: വട്ടവടയിലെ പുതിയ കാർഷിക സമുച്ചയവും 12 ജലസേചന പദ്ധതികളും ഇന്ന് രാവിലെ 10ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, വനംവന്യജീവി വകുപ്പ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ ആർ.കെ.വി.വൈ വിഹിതമായ 2.6 കോടി രൂപ ഉപയോഗിച്ചാണ് വട്ടവട ഊർക്കാട് കാർഷിക സമുച്ചയം നിർമിച്ചിരിക്കുന്നത്. ഇതിൽ ശീതകാല പച്ചക്കറി വിപണന കേന്ദ്രം, പരിശീലന കേന്ദ്രം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 4.45 കോടി രൂപ ചെലവിട്ടാണ് ജലസേചന പദ്ധതികൾ പൂർത്തിയാക്കിയിരിക്കുന്നത്. പദ്ധതി നടപ്പിലാക്കിയ വകുപ്പുകളെ ചടങ്ങിൽ ആദരിക്കും. എസ്. രാജേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കേരളകാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി രത്തൻ യു. ഖേൽക്കർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് തുടങ്ങിയവർ സംസാരിക്കും. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ എം.ഡി ജെ. ജസ്റ്റിൻ മോഹൻ പദ്ധതി വിശദീകരണം നടത്തും. കാർഷിക സർവകലാശാല ഗവേഷണപദ്ധതി വിശദീകരണം ഡോ. പി. ഇന്ദിരാദേവി നിർവഹിക്കും. പരിപാടിയുടെ ഭാഗമായി ശീതകാല കൃഷി മാർഗനിർദേശങ്ങൾ സംബന്ധിച്ച സെമിനാർ ഡോ.ജലജ എസ്. മേനോൻ നയിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബാബു ടി. ജോർജ്, കൃഷി അസി. ഡയറക്ടർ സുലേഖ, അജിത്ത് എന്നിവർ പങ്കെടുത്തു.
ഭൗമ സൂചിക പദവിക്കായി മലപ്പൂണ്ട് വെളുത്തുള്ളി
വട്ടവട, കാന്തല്ലൂർ മേഖലയുടെ സ്വന്തം വെളുത്തുള്ളിയായ മലപ്പൂണ്ടിന് ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും ചേർന്ന് നടത്തി വരികയാണ്. ഏറെ ഗുണമേന്മയുള്ള ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്ന ഈ വെളുത്തുള്ളി ഇനത്തിന് കിലോയ്ക്ക് 300 രൂപ വരെ വിലയുണ്ട്.