അടിമാലി :ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വീട് വീടാന്തരമുള്ള അജൈവ വസ്തുക്കളുടെ ശേഖരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മാസത്തിൽ ഒരിക്കൽ വീടുകൾ സന്ദർശിച്ച് എല്ലാത്തരം പ്ലാസ്റ്റിക്കും ശേഖരിക്കും. കൂടാതെ വർഷത്തിൽ രണ്ട് പ്രാവശ്യം മറ്റ് അജൈവ വസ്തുക്കളായ കുപ്പി, ചില്ല്, ട്രൂബ്, ബാഗ്, ചെരുപ്പ്, ഇലക്‌ട്രോണിക് വേസ്റ്റുകൾ തുടങ്ങിയവയും പ്രത്യേകം അറിയിപ്പ് നൽകി ശേഖരിക്കും. ഇതിന്റെ ഭാഗമായി രണ്ട് വീതം ചാക്കുകളും ളഘുലേഖയും എല്ലാ വീടുകളിലും കുടുംബശ്രീ അംഗങ്ങളുടെയും ഹരിത കർമ്മസേന അംഗങ്ങളുടെയും നേതൃത്വത്തിൽ വിതരണം നടത്തി വരുന്നു. പ്ലാസ്റ്റിക്കുകൾ അഴുക്ക്, ചെളി എന്നിവ ഇല്ലാതെ വൃത്തിയാക്കി നൽകണം. ഇവ ശേഖരിക്കുന്നതിന് പ്രവർത്തനങ്ങൾക്കായി മാസം 20 രൂപ ഓരോ കുടുംബത്തിൽ നിന്നും ശേഖരിക്കും. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിലും പ്ലാസ്റ്റിക് ശേഖരിക്കും. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിൽ ഇവ എത്തിച്ച് സംസ്‌കരിച്ച് റോഡ് ടാറിംഗിനും പി വി സി ഉൽപ്പന്നങ്ങളുണ്ടാക്കുന്നതിനുമായി വിൽപ്പന നടത്തി വരുന്നു. ശേഖരിക്കുന്ന മറ്റ് വസ്തുക്കൾ ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് കൈമാറും.
ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിൽ മാതൃകാ പ്രവർത്തനം നടത്തി പരമാവധി ആറ് മാസത്തിനുള്ളിൽ സമ്പൂർണ്ണ ശുചിത്വ ലക്ഷ്യം നേടുന്നതിന് അടിമാലി ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് വീട് വീടാന്തരമുള്ള പ്ലാസ്റ്റിക് സംഭരണവും പഞ്ചായത്ത് ആരംഭിച്ചത്. കൂടാതെ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി മലിന ജല ടാങ്കും (സോക്പിറ്റ്) വളക്കുഴിയും നിർമ്മിക്കുന്നതിനുള്ള പദ്ധതിയും പുരോഗമിച്ച് വരുന്നു. വീടുകൾക്ക് നൽകുന്നതിനുള്ള 40 ലക്ഷം രൂപയുടെ ബയോഗ്യാസ് പദ്ധതിയും അടിമാലി മാർക്കറ്റിൽ മത്സ്യ മാംസ അവശിഷ്ടങ്ങൾ നക്ഷേപിക്കുന്നതിനുള്ള ബയോഗ്യാസ് പ്ലാന്റും ഉടൻ നടപ്പിലാകും. അടിമാലി ബസ് സ്റ്റാന്റിലെ കംഫർട് സ്റ്റേഷനിൽ എസ് റ്റി പി പ്ലാന്റും അടുത്ത മാസം സജ്ജമാകും. കൂടുതൽ സ്ഥലങ്ങളിൽ എയ്‌റോബിക് കമ്പോസ്റ്റും സ്‌കൂളുകളുൾപ്പടെയുള്ള പൊതു സ്ഥാപനങ്ങൾ വഴിയുള്ള പ്ലാസ്റ്റിക് ശേഖരണം തുടരും.
മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി പ്ലാസ്റ്റിക് ശേഖരിക്കുന്ന പ്രവർത്തനം നടത്തിയിട്ടും അവയോട് സഹകരിക്കാതെ പ്ലാസ്റ്റിക് പൊതു സ്ഥലത്ത് വലിച്ചെറിയുകയോ വീടിന്റെയോ സ്ഥാപനത്തിന്റെയൊ പരിസരത്ത് കത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ ആക്ടിലെയും മറ്റ് നിയമങ്ങളിലെയും വ്യവസ്ഥകൾ പ്രകാരം കർശന ശിക്ഷണ നടപടികൾ സ്വീകരിക്കും
ദീപ രാജീവ്
(പഞ്ചായത്ത് പ്രസിഡന്റ് )
കെ എൻ സഹജൻ
(പഞ്ചായത്ത്സെക്രട്ടറി )