തൊടുപുഴ: നിയന്ത്രണംവിട്ട ബൈക്ക് സ്വകാര്യ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതരപരിക്ക്. നെടുങ്കണ്ടം കരുണാപുരം കട്ടക്കാനം കിഴക്കേക്കര വീട്ടിൽ അനന്തു സഹദേവൻ (19), പനച്ചിത്തുരുത്തിൽ അമൽ സാബു (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് മൂലമറ്റം റോഡിൽ തൊടുപുഴ പുളിമൂട്ടിൽ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. മൂലമറ്റം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് പിക്കപ്പ് വാനിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന സ്വകാര്യ ബസിനടിയിലേക്ക് യുവാക്കൾ തെറിച്ചു വീഴുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് തന്നെ ബ്രൈക്ക് ചവിട്ടിയെങ്കിലും അമലിന്റെ ഒരു തുടയിൽ ബസിന്റെ മുൻചക്രം കയറിയിറിങ്ങി നിന്നു. ചക്രത്തിൽ കുടുങ്ങിയ ഇരുവരെയും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ബസിനടിയിൽ നിന്ന് രക്ഷിച്ച് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിൽ സ്ഥിതി ഗുരുതരമായ അമലിനെ കോലഞ്ചേരിയിലെയും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചു. റോഡിൽ തലയിടിച്ച് വീണ അനന്തുവിന്റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. വളവ് തിരിയുന്നതിനിടെ പൂർണമായും ഉയർത്താതിരുന്ന ബൈക്കിന്റെ സ്റ്റാൻഡ് റോഡിൽ തട്ടിയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് പൊലീസ് പറയുന്നു. റോഡരികിലെ മതിലിടിച്ച് ബൈക്കിന്റെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് തൊടുപുഴ- മൂലമറ്റം റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടശേഷം ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കി.