ഇടുക്കി: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പരിപാടി സെപ്തംബർ 26ന് സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 9ന് കുളമാവ് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ അറക്കുളം കോട്ടയം മുന്നിയിൽ നടത്തും. വിദ്യാർത്ഥികൾക്ക് നെൽക്കൃഷിയെക്കുറിച്ച് അവബോധം നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ നെല്ല് നമ്മുടെ അന്നം
എന്നാണ് മുദ്രാവാക്യം. മണ്ണും ജലവും എനിയ്ക്കും വരും തലമുറയ്ക്കും വേണ്ടി സംരക്ഷിക്കേണ്ടത് എന്റെ കർത്തവ്യമാണ് എന്നു തുടങ്ങുന്ന പ്രതിജ്ഞ എടുത്തശേഷം എല്ലാ സ്‌കൂൾ വിദ്യാർത്ഥികളെയും അന്നേ ദിവസം പാടത്തേക്ക് കൊണ്ടുപോകുകയും കൃഷി പാഠങ്ങൾ പകർന്നു നൽകുകയും ചെയ്യും. ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസിന്റെ നേതൃത്വത്തിൽ നെല്ലിന്റെ ഉപോൽപ്പന്നങ്ങളുടെയും 54 ഇനം നാടൻ നെൽവിത്തുകളുടെയും പ്രദർശനം 26ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിക്കും. കേരളത്തിൽ അപൂർവ്വമായി കാണുന്ന കാട്ടുനെൽച്ചെടിയും ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.