തൊടുപുഴ: ജില്ലയിലെ നിരത്തുകൾ ഓരോ ദിവസം കഴിയുംതോറും കൂടുതൽ ചുവപ്പണിയുന്നു. ഓരോ വർഷവും വാഹനാപകടങ്ങളുടെ എണ്ണം അപകടകരാമാംവിധമാണ് വർദ്ധിക്കുന്നത്. ഈ വർഷം ഇതുവരെ ജില്ലയിൽ 76 ജീവനുകളാണ് അപകടങ്ങളിൽ പൊലിഞ്ഞത്. 2019 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കാണിത്. 758 റോഡപകടങ്ങളാണ് ഈ സമയങ്ങളിൽ ഉണ്ടായത്. 911 പേർക്ക് പരിക്കേറ്റു. കഴിഞ്ഞവർഷം എട്ടുമാസത്തിൽ 795 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തതിൽ 54 അപകടങ്ങളിലായി 59 പേർ മരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം ജൂൺ വരെയുള്ള ആറ് മാസത്തിനിടെ തൊടുപുഴ പൊലീസ് സ്റ്റേഷന് കീഴിൽ മാത്രം 108 അപകടങ്ങളാണുണ്ടായത്. നാല് പേർ മരണമടഞ്ഞു.

ഏറെയും ബൈക്ക് യാത്രികർ

ബൈക്ക് യാത്രികരാണ് അപകടങ്ങളിൽപ്പെടുന്നവരിലേറെയും. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങൾ പെരുകാൻ പ്റധാനകാരണം. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അപകടത്തിന് കാരണമാണ്. കൊടുംവളവുകളും കുത്തിറക്കങ്ങളും അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. ന്യൂജൻ ബൈക്കുകളും അപകടങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻ പന്തിയിലാണ്. പ്റളയശേഷം ജില്ലയിലെ ഭൂരിഭാഗം റോഡുകളും തകർന്ന നിലയിലാണ്. അരികുവശങ്ങൾ ഇടിഞ്ഞ പല റോഡുകളും അപകടഭീഷണിയാണ്.

കാരണം പലത്

1. അശ്രദ്ധമായ ഡ്രൈവിംഗ്

2. അമിത വേഗം

3. മദ്യപിച്ചുള്ള ഡ്രൈവിംഗ്

4. ഉറക്കമളച്ചുള്ള ഡ്രൈവിംഗ്

5. രാത്രിയിൽ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത്

6. ഡ്രൈവിംഗിനിടയിലുള്ള ഫോൺ ഉപയോഗം

7. മത്സരയോട്ടം

8. റോഡുകളുടെ ശോച്യാവസ്ഥ

9. തേഞ്ഞുതീരാറായ ടയർ

10. കാര്യക്ഷമതയില്ലാത്ത വാഹനം

അപകടങ്ങൾക്ക് അറുതിയില്ലാതെ മൂലമറ്റം റോഡ്

തൊടുപുഴ- മൂലമറ്റം റോഡിൽ അപകടങ്ങൾ തുടർക്കഥയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ചെറുതും വലുതുമായ പത്തിലേറെ അപകടങ്ങളാണ് ഈ റൂട്ടിലുണ്ടായത്. മൂന്ന് ദിവസം മുമ്പാണ് കോളപ്രയിൽ അരമണിക്കൂർ ഇടവേളയിൽ ഒരു കിലോമീറ്റർ മാത്രം വ്യത്യാസത്തിൽ രണ്ട് കാറപടകങ്ങൾ ഉണ്ടായത്. റബറൈസ്ഡ് റോഡാക്കിയത് മുതലാണ് ഈ റോഡ് രക്തക്കളമാകാൻ തുടങ്ങിയത്. നല്ല റോഡായതിനാൽ വേഗത കൂടുമ്പോൾ അപകടവളവുകൾ മരണക്കെണിയായി മാറും. റോഡിൽ പല ഭാഗത്തും റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

സിഗ്‌നൽ ബോർഡുകൾ കാടിനുള്ളിൽ
പല സ്ഥലത്തും മുന്നറിയിപ്പ് നൽകുന്നതിന് സിഗ്‌നൽ ബോർഡുകൾ പോലും ഇല്ലാത്തതിനാലാണ് അപകടങ്ങൾ പെരുകാൻ കാരണം. നിലവിൽ ഉള്ളതിൽ പലതും മരത്തിന്റെ ശിഖരങ്ങൾ മൂടിയും കാടുപിടിച്ചും ഡ്രൈവർമാർക്ക് കാണാൻ പറ്റാത്ത അവസ്ഥയിലാണ്. കലുങ്കാണെന്ന് സൂചിപ്പിക്കാൻ ഇതിനോട് ചേർന്ന് സിഗ്‌നൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും വാഹനങ്ങൾ തട്ടിയും സാമൂഹ്യ വിരുദ്ധർ നശിപ്പിക്കുകയും ചെയ്ത നിലയിലാണ്. ഇതൊന്നും പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

സ്‌കൂളുകൾക്ക് സമീപം സീബ്രാലൈനില്ല
ആയിരക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥികൾ പഠിക്കുന്ന മൂലമറ്റം ഗവ. വി.എച്ച്.എസ്.എസ്, എസ്.എച്ച്.ഇ.എം.എച്ച്.എസ്, സെന്റ് ജോർജ് യു.പി.എസ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ റോഡ് മുറിച്ചു കടക്കുന്ന സ്ഥലങ്ങളിൽ സീബ്രാലൈൻ വരയ്ക്കാത്തതും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്.