rat

തൊടുപുഴ: നഗരത്തിലെ ഒരു ബേക്കറിയിൽ ജ്യൂസ് കുടിക്കുന്നതിനിടെ യുവാവിന്റെ കാൽ എലി കടിച്ചുമുറിച്ചു. ഞായറാഴ്ച ഉച്ചയോടെ തൊടുപുഴ അമ്പലം ബൈപ്പാസിലുള്ള ബേക്കറിയിലായിരുന്നു സംഭവം. കുടുബാംഗങ്ങളുമൊത്ത് ടൗണിലെത്തിയ പുതുപ്പരിയാരം സ്വദേശിയായ യുവാവിന്റെ കാലിന്റെ പെരുവിരലിലാണ് എലി കടിച്ച് മുറിച്ചത്. ജ്യൂസ് കുടിക്കുന്നതിനിടെ വലിപ്പമുള്ള എലി കാലിൽ കടിക്കുകയായിരുന്നു. പിന്നീട് കടയുമയുടെ സഹായത്തോടെ കാരിക്കോടുള്ള ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ബേക്കറിയുടെ പിൻഭാഗത്തെ മിനി സിവിൽ സ്റ്റേഷൻ മതിലിനോടു ചേർന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു നിന്നാണ് എലി കടയ്ക്കുള്ളിൽ കടന്നതെന്നാണ് നിഗമനം.

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ചു

കാൽ എലി കടിച്ചു മുറിച്ച സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ബേക്കറിയിൽ പരിശോധന നടത്തി. സ്ഥാപനം വൃത്തിയായി സൂക്ഷിക്കണമെന്ന് ഉടമയ്ക്ക് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. പിൻഭാഗം കെട്ടിയടച്ച് സുരക്ഷിതമാക്കണമെന്ന് നിർദേശിച്ച് ഉടമയ്ക്ക് നോട്ടീസ് നൽകി. ഇതേ സ്ഥാപനത്തിന് പഴകിയ ഭക്ഷ്യസാധനങ്ങൾ പിടികൂടിയതിന് കഴിഞ്ഞ മാസം ഭക്ഷ്യസുരക്ഷാ വകുപ്പ് 5000 രൂപ പിഴയീടാക്കിയിരുന്നു.