തൊടുപുഴ: നാളെ മുതൽ 30 വരെ നടക്കുന്ന ദേശീയ ക്ലാസിക് പവർലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് ആഥിത്യമരുളാൻ മുരിക്കാശേരി പാവനാത്മ കോളേജ് ഒരുങ്ങി. ആദ്യമായാണ് ജില്ല ദേശീയ പവർലിഫ‌്‌റ്റിംഗ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. 26ന് ഉച്ചയ്ക്ക് 1.30ന് വാത്തിക്കുടി പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്ന് പാവനാത്മ കോളേജ് ഗ്രൗണ്ടിലേക്ക് നടക്കുന്ന ഇരുപതിനായിരത്തോളം പേർ പങ്കെടുക്കുന്ന വിളംബര ഘോഷ യാത്രയോടെ ചാമ്പ്യൻഷിപ്പിന് തുടക്കമാകും. കായിക മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിക്കും. 30ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും അവാർഡ് ദാനവും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി 11 വരെ ഇൻഡോർ സ്റ്റേഡിയത്തിലെ മൂന്നു വേദികളിലായി മത്സരങ്ങളും വൈകിട്ട് ഏഴിന് കോളേജ് ആഡിറ്റോറിയത്തിൽ വിവിധ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ നടത്തുന്ന കലാസന്ധ്യകൾ, ക്യാമ്പ് ഫയർ എന്നിവയും നടക്കും.150 ലധികം ഒഫീഷ്യൽസ്, വോളന്റിയേഴ്‌സ് എന്നിവർ അടക്കം 1200 പേർക്കുള്ള താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ക്രമീകരണങ്ങളും കോളേജിൽ പൂർത്തിയാക്കിയിട്ടുണ്ട്. വൈസ് പ്രിൻസിപ്പൽ ഫാ. ബെന്നോ പുതിയാപറമ്പിൽ, സംഘാടകസമിതി ഭാരവാഹികളായ ഡോ. വി.എ. ഡൊമിനിക്, പ്രൊഫ. ബെന്നി മാത്യു, അനീഷ് കെ. തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
800 കായികതാരങ്ങൾ
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളിലായി വിജയികളായ എണ്ണൂറിലധികം പുരുഷ വനിതാ കായികതാരങ്ങൾ മത്സരത്തിൽ മാറ്റുരയ്ക്കും. മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ അന്താരാഷ്ട്ര സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ചാമ്പ്യൻഷിപ്പിൽ വിജയികളാകുന്നവർ ഡിസംബറിൽ കസാക്കിസ്താനിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്‌റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായി ആലുവ റെയിൽവേ സ്റ്റേഷൻ, നെടുമ്പാശേരി എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. കായിക മത്സരം കാണാനെത്തുന്നവരുടെ സൗകര്യാർത്ഥം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സിയും മറ്റ് സ്വകാര്യ ബസുകളും പ്രത്യേക സർവീസുകൾ നടത്തും.