തൊടുപുഴ - ചെയർപേഴ്സന്റെ ഔദ്യോഗിക ചെയറിൽ ഇരിക്കാൻ എൽ ഡി എഫ് കൗൺസിലറെ ക്ഷണിച്ച് ചെയർപേഴ്സൺ ജെസി ആന്റണി.ഇന്നലെ രാവിലെ നഗരസഭ കൗൺസിൽ ഹാളിൽ കൗൺസിൽ യോഗം ചേർന്നപ്പോഴാണ് ഇത്തരത്തിലുളള നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നഗരസഭ പ്രവർത്തികൾ ഏറ്റെടുത്തിക്കുന്ന കരാറുകാർ നിർമ്മാണ പ്രവർത്തികൾ യഥാസമയം പൂർത്തീകരിക്കുന്നില്ല കരാറുകാരനെക്കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യിക്കാൻ ചെയർപേഴ്സൺ ജസി ആന്റണി നടപടികൾ സ്വീകരിക്കുന്നില്ല എന്നീ കാര്യങ്ങളിൽ എൽ ഡി എഫ് കൗൺസിലർ ഷിംനാസ് കെ കെ കൗൺസിൽ യോഗത്തിൽ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.നഗരസഭയുടെ പ്രവർത്തികൾ ഏറ്റെടുക്കുന്ന കരാറുകാരിൽ ചിലർ കൗൺസിലർമാരേയും ഭരണ സമിതിയേയും നോക്കു കുത്തിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കൗൺസിലർമാർ ഒന്നടങ്കം ആരോപിച്ചു.എന്നാൽ ഇവരെ നിയന്ത്രിക്കാൻ നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നില്ല പ്രവർത്തികളിൽ തന്നിഷ്ടം പ്രവർത്തിക്കുന്ന കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളും കൗൺസിൽ യോഗത്തിൽ ചർച്ചക്ക് വന്നു.പൊതുമരാമത്ത് പ്രവർത്തികളുടെ ഉത്തരവാദിത്വം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സനും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങൾക്കുമാണെന്ന് ചെയർപേഴ്സൺ അറിയിച്ചതും തർക്കത്തിന് കാരണമായി.എന്നാൽ ഈ വിഷയത്തിൽ മുൻ വൈസ് ചെയർമാൻ സി കെ ജാഫർ ചെയർപേഴ്സന് പിന്തുണ നൽകി.നഗരസഭയുടെ സുഗമമായ പ്രവർത്തനത്തിന് ഓരോ വിഭാഗവുമായി ബന്ധപ്പെട്ട് കൗൺസിൽ അംഗങ്ങൾ ഉൾപ്പെട്ട മോണിറ്ററിംഗ് സമിതി ഏതാനും മാസങ്ങൾക്ക് മുൻപ് രൂപീകരിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രാവർത്തികമായില്ല എന്ന കാര്യം ബി ജെ പി അംഗം ബാബു പരമേശ്വരന്റെ ആരോപണത്തെ മുഴുവൻ അംഗങ്ങളും പിന്തുണച്ചു.നഗരസഭയുമായി ബന്തപ്പെട്ട് ഏത് പ്രവർത്തികൾ നടന്നാലും അതാത് മോണിറ്ററിംഗ് സമിതികൾ പരിശോധിച്ചതിന് ശേഷമേ ബില്ലുകൾ മാറി നൽകാവു എന്ന കാര്യം കൗൺസിൽ യോഗം അംഗീകരിച്ചു.നഗരസഭയുടെ ഉടമസ്ഥതയിലുളള ആംബുലൻസിന്റെ വാടകയായി ജീവനക്കാർ അമിത കൂലി ഈടാക്കുന്നത് സംബ്ബന്ധിച്ച് മുൻ ചെയർപേഴ്സൺ മിനി മധു കൗൺസിൽ യോഗത്തിൽ അക്ഷേപം ഉന്നയിച്ചു.ഇത് സംബ്ബന്ധിച്ച് അന്വാേഷണം നടത്തുമെന്നും ആംബുലൻസ് ഓട്ടം പോകുന്നതിന്റെ വിവരങ്ങൾ നിലവിൽ ലോഗ് ബുക്കിൽ രേഖപ്പെടുത്താറുണ്ടെന്നും ചെയർപേഴ്സൺ കൗൺസിലിനെ അറിയിച്ചു.