തൊടുപുഴ: ഏലപ്പാറ, കൊക്കയാർ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ലഭിക്കുന്നില്ലെന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി. മനുഷ്യവകാശപ്രവർത്തകനായ ഗിന്നസ് മാടസ്വാമിയാണ് കമ്മിഷന് പരാതി നൽകിയത്.കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജില്ലാ മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരുന്നു. ഇന്നലെ നടന്ന കമ്മിഷൻ സിറ്റിംഗിൽ ഡി.എം.ഒ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചെയർമാൻ പഞ്ചായത്തുകളോട് നിർദേശിച്ചു.
ഇന്നലെ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ അദ്ധ്യക്ഷതയിൽ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ 80 കേസുകളാണ് പരിഗണിച്ചത്. 35 കേസുകളിൽ പരാതിക്കാർ ഹാജരായി. 20 കേസുകൾ സിറ്റിംഗിൽ തീർപ്പാക്കി. പൊലീസിനെതിരെയുള്ള പരാതികളും ഇന്നലെ കമ്മിഷന് മുന്നിലെത്തി. പൊലീസ് മർദനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ കമ്മിഷന്റെ അന്വേഷണ വിഭാഗത്തോട് പരിശോധിച്ച് നടപടിയെടുക്കാൻ ചെയർമാൻ നിർദേശിച്ചു. പുതുതായി ഏഴ് പരാതികളും ഇന്നലെ കമ്മിഷന് മുന്നിലെത്തി. അടുത്ത സിറ്റിംഗ് ഒക്ടോബർ 25ന് റസ്റ്റ് ഹൗസിൽ നടക്കും.