മുട്ടം: മലങ്കര ജലാശയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന മുട്ടത്തെ ബാറിലുണ്ടായ സംഘർഷത്തിൽ ബാർ ജീവനക്കാരനും മറ്റൊരാൾക്കും പരിക്ക്. സോഡാ കുപ്പി കൊണ്ടുള്ള അടിയേറ്റ നിലയിൽ ബാർ ജീവനക്കാരൻ കട്ടപ്പന സ്വദേശി ബിജോ ജോസഫിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി 7.30 മണിയോടെ ബാറിൽ മദ്യപിക്കാൻ എത്തിയ മുട്ടം സ്വദേശി പ്രസാദും കൂടെയുണ്ടായിരുന്നവരും ചേർന്ന് ജീവനക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.പരിക്കേറ്റ ബിജോ ജോസഫ് മുതലക്കോടത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രസാദ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.മുട്ടം എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടന്നു വരുന്നു.